മാന്നാർ: മാന്നാറിൽ വൃദ്ധമാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതാപിതാക്കളെ വധിക്കാൻ ഡിസംബർ 15 മുതൽ മകനായ പ്രതി വിജയൻ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി വിവരം. പല ദിവസങ്ങളിലായി പലയിടങ്ങളിൽ നിന്നായി ഏഴ് കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചതായിട്ടാണ് കരുതുന്നത്. പ്രായിക്കരയിലെ ഒരു പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സി സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
മറ്റു പമ്പുകളിലുംഅന്വേഷണം നടത്തി വരികയാണ്. കത്തിക്കരിഞ്ഞ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് ഒരു കുപ്പിയിൽ പാതി പെട്രോൾ കണ്ടെത്തിയിരുന്നു. അടുക്കളയും ഒരു കിടപ്പ് മുറിയും ഇടനാഴിയുമുള്ള വീട്ടിൽ മാതാപിതാക്കൾ ഒരു മുറിയിലും വിജയൻ ഇടനാഴിയിലുമാണ് കിടന്നിരുന്നത്. മാതാപിതാക്കൾ കിടന്ന മുറിയിലേക്കും മറ്റും പെട്രോൾ ഒഴിച്ച ശേഷം ഇടനാഴിയിൽ നിന്നുകൊണ്ട് തുണിയിൽ തീകത്തിച്ച് എറിയുകയായിരുന്നെന്നാണ് വിജയൻ പൊലീസിനോട് പറഞ്ഞത്.
ഭാര്യയും രണ്ടു മക്കളുമായി വർഷങ്ങളായി അകന്നു കഴിയുന്ന വിജയൻ എണ്ണയ്ക്കാട്ടുള്ള ഒരു വാടക വീട്ടിലും പിന്നീട് കടത്തിണ്ണകളിലുമായി ജീവിതം നയിച്ച് വരവേ കഴിഞ്ഞ ആഗസ്റ്റിലാണ് മാതാപിതാക്കളുടെ അടുത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കിടാറുള്ള വിജയൻ തല്ലിക്കൊല്ലുമെന്ന് മിക്കപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
മദ്യപിച്ച് വീട്ടിലെത്തി വഴക്കിടാറുള്ള വിജയൻ മാതാപിതാക്കളെ ഉപദ്രവിക്കാറുമുണ്ടായിരുന്നു. തൃപ്പെരുന്തുറ 16-ാം വാർഡ് കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ (96), ഭാര്യ ഭാരതി (85) എന്നിവരെയാണ് മകൻ വിജയൻ(65) ചുട്ടു കൊന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വീട് പൂർണമായി കത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |