വാഷിംഗ്ടൺ: രാജ്യത്തെ നടുക്കിയ വാഷിംഗ്ടൺ വിമാന ദുരന്തത്തിന് പിന്നാലെ യു.എസിൽ വീണ്ടും വിമാനാപകടം. പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് 7 പേർ കൊല്ലപ്പെട്ടു. ഒരു കുട്ടി അടക്കം വിമാനത്തിലുണ്ടായിരുന്ന ആറ് പേരും, വിമാനാവശിഷ്ടം പതിച്ച കാർ യാത്രികനുമാണ് മരിച്ചത്. പ്രദേശവാസികളായ 19 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. അപകട കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാകാമെന്നാണ് നിഗമനം.
പ്രാദേശിക സമയം, വെള്ളിയാഴ്ച വൈകിട്ട് 6.30ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.40) ജനത്തിരക്കേറിയ റൂസ്‌വെൽറ്റ് ഷോപ്പിംഗ് മാളിന് സമീപമായിരുന്നു അപകടം. ഗുരുതര രോഗം ബാധിച്ച കുട്ടിയുമായി പുറപ്പെട്ട മെഡിക്കൽ വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ അമ്മയും ഡോക്ടറും സഹായിയും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. എല്ലാവരും മെക്‌സിക്കൻ പൗരന്മാരാണ്. മെക്സിക്കോ ആസ്ഥാനമായുള്ള ജെറ്റ് റെസ്‌ക്യൂ എയർ ആംബുലൻസ് കമ്പനിയുടെ വിമാനമാണിത്.
ഫിലാഡെൽഫിയയിലെ ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയ കുട്ടിയുമായി നോർത്ത് ഈസ്റ്റ് ഫിലാഡെൽഫിയ എയർപോർട്ടിൽ നിന്ന് മിസോറി വഴി മെക്സിക്കോയിലെ ടീഹ്വാനയിലേക്ക് പുറപ്പെട്ടതാണ് വിമാനം. അപകടത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി.
# വൻ പൊട്ടിത്തെറി
നിയന്ത്രണം തെറ്റി കുത്തനെ താഴേക്ക് വന്ന വിമാനം കെട്ടിടങ്ങളിൽ തട്ടിയ ശേഷം നിലത്തിടിച്ച് പൊട്ടിത്തെറിച്ചു
വൻ തീപിടിത്തം. പ്രദേശത്തെ നിരവധി വീടുകളിലും വാഹനങ്ങളിലും തീപടർന്നു
രണ്ട് മണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയം. മേഖലയിൽ വ്യാപക നാശനഷ്ടം
വിമാന യാത്രികരുടെ ശരീരം ചിന്നിച്ചിതറി
# ഹെലികോപ്റ്ററിന് വിലക്ക്
67 പേരുടെ മരണത്തിനിടയാക്കിയ വാഷിംഗ്ടൺ വിമാന ദുരന്തത്തിന് പിന്നാലെ മേഖലയിലൂടെയുള്ള ഹെലികോപ്റ്റർ ഗതാഗതം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താത്കാലികമായി നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് തീരുമാനം.
അതേസമയം, അപകടത്തിൽ ഉൾപ്പെട്ട സൈനിക ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് ഇന്നലെ കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും നേരത്തെ ലഭിച്ചിരുന്നു. കണ്ടെത്തിയ 41 മൃതദേഹങ്ങളിൽ 28 പേരെയാണ് തിരിച്ചറിഞ്ഞത്.
പ്രാദേശിക സമയം, ബുധനാഴ്ച രാത്രി അമേരിക്കൻ എയർലൈൻസ് വിമാനത്തിലേക്ക് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ, കോപ്റ്ററും വിമാനവും പോട്ടോമാക് നദിയിലേക്ക് പതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |