തിരുവനന്തപുരം: ഉയർന്ന വൈദ്യുതി ഉപഭോഗം കാരണം കറണ്ട് ബില്ലിൽ ഉണ്ടാകുന്ന വർദ്ധനവിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി കെ.എസ്.ഇ.ബി. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാൽ രാവിലെ ആറിനും വൈകിട്ട് ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
വീട്ടിലെ വൈദ്യുത വാഹന ചാർജിംഗും വൈദ്യുതി വലിയ തോതിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്ന് നിർദേശിച്ചു. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം ആറ് മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ 35 ശതമാനം വരെ ലാഭം നേടാമെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാണിച്ചു.
അതേസമയം ഫെബ്രുവരിയിലെ ബില്ലിൽ യൂണിറ്റിന് 9 പൈസ നിരക്കിൽ വൈദ്യുത ചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ഉണ്ടാകുക. ജനുവരി 31 വരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലിൽ 9 പൈസ കുറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |