തൃശൂർ: സിനിമയിലായാലും രാഷ്ട്രീയത്തിലായാലും വിവാദങ്ങൾ എന്നും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ട്. ഏറ്റവുമൊടുവിൽ പിന്നാക്ക ക്ഷേമത്തിന് ഉന്നതകുല ജാതൻ വേണമെന്ന പരാമർശമാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷിനെ വെട്ടിലാക്കിയത്. ഡൽഹിയിലെ മയൂർ വിഹാറിൽ ഇന്നലെ രാവിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മലയാളി വോട്ടർമാരെ അഭിസംബോധന ചെയ്യവേ സുരേഷ് ഗോപി വിവാദപരാമർശം നടത്തിയത്.
''ഗോത്രവിഭാഗങ്ങളുടെ ക്ഷേമം കൈകാര്യം ചെയ്യുന്നത് എപ്പോഴും പിന്നാക്ക വിഭാഗത്തിൽപ്പെട്ട മന്ത്രിയായിരിക്കും. ഇത് നാടിന്റെ ശാപമാണ്. ബ്രാഹ്‌മണനോ, നായിഡുവോ വകുപ്പിന്റെ തലപ്പത്ത് വരണം. വലിയ വ്യത്യാസമുണ്ടാകും. അതു തന്റെ ആഗ്രഹവും സ്വപ്‌നവുമാണ്. 2016ൽ എം.പിയായ കാലംമുതൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. തനിക്ക് ആദിവാസി ക്ഷേമം കൈകാര്യം ചെയ്യുന്ന സാമൂഹിക നീതി - ശാക്തീകരണ മന്ത്രാലയം തരൂയെന്ന്.''
വിവാദം കടുത്തതോടെ, പറഞ്ഞത് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് വൈകിട്ടോടെ സുരേഷ് ഗോപി പ്രതികരിച്ചു. 'വാക്കുകൾ വളച്ചൊടിച്ചു. മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്ക വിഭാഗക്കാരനെ കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. പിന്നാക്കകാരുടെ കാര്യം നോക്കാൻ എപ്പോഴും ആഗ്രഹമുണ്ട്". തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളെ രാഷ്ട്രപതിയാക്കിയതെന്നും വ്യക്തമാക്കി.
എന്നാൽ, ഇത്തരം വിവാദങ്ങൾ നടക്കുമ്പോഴും തൃശൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണ് അദ്ദേഹം. തൃശൂർ പാർലമെന്റ് മണ്ഡലം എം.പി. ഓഫീസ് പെരിങ്ങാവ് ചേറൂർ റോഡിൽ ഇന്ന് ഉദ്‌ഘാടനം നടന്ന വിവരം സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കൂടാതെ, അവിണിശ്ശേരി ഖാദി യൂണിറ്റിന്റെ നവീകരണത്തിനായി 40 ലക്ഷം രൂപ പലിശരഹിത വായ്പയായി തന്റെ മകളുടെ പേരിലുള്ള Lekshmi Suresh Gopi M.P's Initiative Charitable Trust ൽ നിന്നും കൈമാറിയതിന്റെ സന്തോഷവും പങ്കുവച്ചു. ഇതിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ പുനർജനിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |