ജോലി ചെയ്യുന്ന സമയം കഴിഞ്ഞ് ഒഴിവ്‌സമയങ്ങളിൽ എന്താണ് ചെയ്യാറെന്ന് ചോദിച്ചാൽ പലരും പറയുന്നത് വ്യായാമം ചെയ്യും,ഹോബികളിൽ മുഴുകും,കുടുംബത്തോടൊപ്പം ചെലവഴിക്കും എന്നൊക്കെ ആകും. എന്നാൽ യുവാക്കളിൽ ഒരു വിഭാഗത്തെ ഇപ്പോൾ വല്ലാതെ പിടികൂടിയിരിക്കുന്ന ഒരു പ്രശ്‌നമാണ് വീഡിയോ അഡിക്ഷൻ.
ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക് തുടങ്ങി മിക്ക സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾക്കും അവരുടെതായ ഷോട്ട് വീഡിയോ വിഭാഗമുണ്ട്.18 മുതൽ 29 വയസ് വരെയുള്ളവർ ഇത്തരത്തിലുള്ള പ്ളാറ്റ്‌ഫോമിൽ വരുന്ന ഷോർട്ട് വീഡിയോകളിൽ ലയിച്ചിരിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്‌ചയാണ്.
മദ്യം പോലെ ലഹരിവസ്‌തുക്കളെക്കാളും, ഓൺലൈൻ ചൂതാട്ടത്തെക്കാളും വലിയ ആസക്തി ഇപ്പോൾ ഉണ്ടാക്കുന്നത് ഇത്തരം ഷോർട്‌വീഡിയോ പ്ളാറ്റ്‌ഫോമുകളാണ്. 2023ൽ ചൂസിംഗ് തെറാപ്പി ഡോട്ട് കോം എന്ന മാനസികാരോഗ്യ കാര്യങ്ങൾ സൂചിപ്പിക്കുന്ന വെബ്‌സൈറ്റിൽ വന്ന പഠനറിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി യൂട്യൂബ് ഷോർട്‌സ് വീഡിയോകൾ കാണുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും മാത്രമല്ല നിത്യജീവിതത്തെ തന്നെ ബാധിക്കാൻ സാദ്ധ്യതയും ഉണ്ടെന്ന് പറയുന്നു.
ഇവ കാരണം മനുഷ്യന് അത്യാവശ്യമായ ആഴത്തിലുള്ള ഉറക്കം നഷ്‌ടപ്പെടും. ഇതോടെ സ്വന്തം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഈ ആസക്തിക്ക് അടിമയായ ആളിന് കഴിയാതെ വരും. സ്വന്തം ഉത്തരവാദിത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് താൽപര്യം നഷ്ടപ്പെടും. ആത്മനിയന്ത്രണം നഷ്‌ടമാകൽ, ആശങ്ക, അല്ലെങ്കിൽ സമൂഹത്തിൽ നിന്നും പിൻവാങ്ങാനുള്ള പ്രവണത ഇവയും ഉണ്ടാകാം.
സാധാരണ ഇന്റർനെറ്റ് ഉപയോഗം അല്ല
ഷോർട്‌വീഡിയോ അഡിക്ഷൻ (എസ്‌വിഎ) എന്നത് നമ്മൾ സാധാരണ ജീവിതത്തിലെ ഇന്റർനെറ്റ് ഉപയോഗം അല്ല. ഷോർട് വീഡിയോ അഡിക്ഷനിൽ അൽഗോരിതത്തിനനുസരിച്ച് വീഡിയോകൾ വരുമ്പോൾ അത് നമ്മുടെ മസ്‌തിഷ്‌കത്തിൽ മോശമായ ഫലമാണ് ഉണ്ടാക്കുന്നത്. ശ്രദ്ധയെയും വൈകാരികമായി നിയന്ത്രണത്തെയും ഇത് തകർക്കും.
വിവിധ പ്ളാറ്റ്‌ഫോമുകളിൽ ഷോർട്‌വീഡിയോ കണ്ടിരിക്കുന്ന യുവാക്കൾ ഒരുമണിക്കൂറെങ്കിലും ഇതിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഫ്രണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോസയൻസ് നൽകുന്ന വിവരം അനുസരിച്ച് എസ്‌വിഎ ഉള്ളവർക്ക് ജീവിതത്തിൽ നഷ്‌ടമോ തിരിച്ചടിയോ ഉണ്ടാകുമ്പോൾ അത് താങ്ങാനാകുന്നില്ല. ഡിപ്രഷനും ആശങ്കയും ഇവരുടെ ബന്ധത്തിൽ പതിവാണെന്ന് മറ്റൊരു പഠനവും തെളിയിച്ചു.
പരന്ന വായനയിലൂടെ നമുക്ക് കാര്യങ്ങളെ അറിയാനും അവയെക്കുറിച്ച് ചിന്തിക്കാനുമുള്ള പ്രാപ്‌തി ലഭിക്കാറുണ്ട്. എന്നാൽ ഷോർട് വീഡിയോ മാത്രം കാണുന്ന ഒരു യുവാവിന് പലപ്പോഴും നിരവധി തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. ശരിയായ വിവരങ്ങൾ ലഭ്യമാകുന്നതെങ്ങനെ എന്ന് ചിന്തിക്കാതെ അവർ അത് വിശ്വസിക്കുകയും ചെയ്യും.
കണ്ടന്റ് കുറ്റമറ്റതല്ല
ഷോർട് വീഡിയോ തയ്യാറാക്കുന്നവർ കണ്ടന്റ് കുറ്റമറ്റതാക്കണം എന്നല്ല കരുതാറ്. പരമാവധി വ്യൂവേഴ്‌സിനെയും സബ്‌സ്‌ക്രൈബർമാരെയും ലഭിക്കാനാണ് അവർ ശ്രദ്ധിക്കുക. അതിനാൽ അതിൽ ചേർക്കുന്ന വിവരം എപ്പോഴും ശരിയാകണം എന്നില്ല. കാരണം സബ്‌സ്‌ക്രൈബർമാരെ ലഭിക്കാൻ അത് സെൻസേഷണലായി കൈകാര്യം ചെയ്യാനേ പല കണ്ടന്റ് തയ്യാറാക്കുന്നവരും ശ്രമിക്കുകയുള്ളൂ. ഇതും പലപ്പോഴും തലച്ചോറിന്റേതടക്കം വളർച്ച പൂർണമാകാത്ത 18-29 വയസ് പ്രായമുള്ള ചെറുപ്രായക്കാരുടെ ശ്രദ്ധയെ ആകർഷിക്കുകയും അവർ അത് വിശ്വസിക്കുകയും ചെയ്യും.
ക്യാപിറ്റോൾ ടെക്‌നോളജി സർവകലാശാല നൽകുന്ന വിവരമനുസരിച്ച് ടിക്‌ടോക് പുറത്തിറക്കുന്ന വീഡിയോകളിൽ അഞ്ചിലൊന്നും തെറ്റായ വിവരങ്ങളാണ്. ഈ വിവരങ്ങൾ ശരിയോ തെറ്റോ എന്ന് മനസിലാക്കാൻ പല യുവാക്കൾക്കും കഴിയില്ല. തങ്ങൾ മനസിലാക്കിയതാണ് ശരി എന്ന് മാത്രമാകും അവരുടെ വിശ്വാസം.
കരുതൽ വേണം
ഷോർട് വീഡിയോ അഡിക്ഷനെ നേരിടാൻ തങ്ങൾക്ക് ഇത്തരത്തിൽ വീഡിയോ കാണുന്നത് ആസക്തിയാകാൻ ഇടയുണ്ടെന്ന് യുവാക്കളും കരുതിയിരിക്കണം. എത്ര ഉപയോഗിക്കണം എന്നത് അവർക്ക് ബോദ്ധ്യമുണ്ടാകണം. കൂടുതൽ ഇന്റർനെറ്റ് ലോകത്തിന് പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ സമയം മാറ്റിവയ്‌ക്കണം. സ്വയം ശ്രമിച്ചിട്ടും നടക്കാതെ വന്നാൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടാൻ മടിക്കുകയും വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |