കോഴിക്കോട് : ദേശീയ പാത വികസനത്തിന്റെ ഭാഗമായി വെങ്ങളം - രാമനാട്ടുകര ഭാഗം ഏതാണ്ട് പൂർത്തിയായെങ്കിലും അഴിയൂർ -വെങ്ങളം റീച്ചിൽ മണ്ണ് ക്ഷാമം തിരിച്ചടിയാവുന്നു. ഇതുവരെ പൂർത്തിയായത് 55 ശതമാനം പ്രവൃത്തികൾ മാത്രം. അടിപ്പാതകൾ പലയിടത്തും പൂർത്തിയായപ്പോൾ ഫ്ലെെ ഓവറുകളുടെ പ്രവൃത്തിയാണ് മണ്ണ് ക്ഷാമം മൂലം ഇഴയുന്നത്. നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിക്കുന്നതും പദ്ധതി പൂർത്തീകരണത്തിന് തടസമാവുന്നതായി ദേശീയ പാത അതോറിറ്റി അധികൃതർ പറയുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഗാഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് അഴിയൂർ -വെങ്ങളം റീച്ചിന്റെ നിർമാണ ചുമതല. നിർമ്മാണം ഇഴയുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് തിരുവങ്ങൂർ, മൂടാടി, വടകര ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.
- രൂപരേഖ അശാസ്ത്രീയമെന്ന് ആരോപണം
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.8 കിലോമീറ്റർ ദൂരത്തിൽ ആവശ്യത്തിന് അടിപ്പാതകളോ,
സർവീസ് റോഡുകൾക്ക് പലയിടത്തും നേരത്തെ പ്രഖ്യാപിച്ച വീതിയോ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം. ദേശീയപാത അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 5.5 മീറ്റർ വീതിയിൽ സർവീസ് റോഡ്, ഒരു മീറ്റർ വീതിയിൽ ഡ്രെെനേജ്, 1.5 മീറ്റർ വീതിയിൽ ഫുട്പാത്ത് എന്നിങ്ങനെയാണ് ക്രമീകരിക്കേണ്ടത്. 3500 ഓളം കുട്ടികൾ പഠിക്കുന്ന തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം സർവീസ് റോഡിനും അടിപ്പാതയ്ക്കും രൂപരേഖയിൽ പറഞ്ഞത്ര വീതിയില്ല. വാഹനങ്ങൾക്ക് ഇരു ദിശകളിലേക്കും ഒരേ സമയത്ത് കടന്ന് പോകാൻ സാധിക്കില്ല. ഇതിനാൽ 4 കിലോമീറ്ററോളം ദൂരം അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് . വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൂടിയാണ് ഇവിടം. മൂടാടി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലും അടിപ്പാതകൾ വേണമെന്ന് ആവശ്യമുണ്ട്.
"'2025 ഡിസംബറാണ് പദ്ധതി പൂർത്തിയാക്കാൻ അനുവദിച്ച സമയം. മണ്ണിട്ട് ഉയർത്തിയ ശേഷം ചെയ്യേണ്ട പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളത്. കൂടുതൽ മണ്ണ് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത് .
- രാജ്പാൽ ( പി.ആർ.ഒ , വാഗാഡ് കൺസ്ട്രക്ഷൻസ് ).
'' അഴിയൂർ - വെങ്ങളം പാതയിൽ പലയിടത്തും അടിപ്പാതകളോ , മറ്റ് സൗകര്യങ്ങളോ ഇല്ല. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ച വലുപ്പത്തിലല്ല പലയിടത്തെയും സർവീസ് റോഡുകൾ. നാടിനെ രണ്ടായി മുറിക്കുന്ന
സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്.
- എം.പി മൊയ്തീൻ കോയ ( പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |