
തൃശൂർ: ജില്ലയിൽ കോർപറേഷൻ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ രണ്ട് ദിവസത്തിനുള്ളിൽ കോൺഗ്രസ് പുറത്താക്കിയത് 13 ജനപ്രതിനിധികളുൾപ്പെടെ 15 പേരെ. തൃശൂർ മേയർസ്ഥാനം വിറ്റെന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ലാലി ജെയിംസിനെയാണ് ആദ്യം സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചൊവന്നൂരിൽ എസ്.ഡി.പി.ഐ വോട്ട് നേടി വിജയിച്ച ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.നിധീഷിനെയും വൈസ് പ്രസിഡന്റ് സെബേറ്റ വർഗീസിനെയും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റത്തൂർ പഞ്ചായത്തിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച 10 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സുമ മാഞ്ഞൂരാൻ, ടെസി കല്ലറയ്ക്കൽ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെ.ആർ.ഔസേഫ്, ലിന്റോ പള്ളിപറമ്പിൽ, നൂർജഹാൻ എന്നിവരെ പുറത്താക്കിയത്. കൂടാതെ മറ്റത്തൂരിൽ വിമത നീക്കത്തിന് നേതൃത്വം നൽകിയ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെയും പുറത്താക്കി.
സംസ്ഥാനതലത്തിൽ കോൺഗ്രസിന് ഏറെ ക്ഷീണമുണ്ടാക്കിയ രാഷ്ട്രീയ നീക്കമാണ് മറ്റത്തൂരിലേതെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് അംഗങ്ങൾ ഒന്നിച്ച് രാജിവച്ച് ബി.ജെ.പി പിന്തുണ സ്വീകരിച്ച സംഭവം നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം, യു.ഡി.എഫിനെതിരെയുള്ള പ്രധാന ആയുധമാക്കാനുള്ള സാദ്ധ്യതയും നേതൃത്വം ഭയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |