വെഞ്ഞാറമൂട്: അപവാദ പ്രചാരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. വെഞ്ഞാറമൂട് പാലാംകോണം കൂത്ത്പറമ്പ് ഗൗരീ നന്ദനത്തിൽ ബിജുവിന്റെ ഭാര്യ പ്രവീണയാണ് (34) മരിച്ചത്. ബന്ധുക്കളിൽ ചിലരുടെയും അയവാസിയുടെയും അപവാദ പ്രചാരണമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇന്നലെ രാവിലെ 9ഓടെയാണ് വെഞ്ഞാറമൂട്ടിലുള്ള കുടുംബ വീടിന്റെ ടെറസിലെ കമ്പിയിൽ തൂങ്ങിയ നിലയിൽ പ്രവീണയെ കണ്ടെത്തിയത്. ബന്ധുക്കൾ ശരീരം താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ഇന്നലെ രാവിലെ പല പ്രാവശ്യം ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ഇക്കാര്യം പ്രവീണയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം വീട്ടിനുള്ളിൽ നോക്കിയിട്ടും കാണാത്തതിനെ തുടർന്നാണ് ടെറസിന് മുകളിൽ നോക്കിയത്.
യുവതി തനിക്കു നേരെയുള്ള അപവാദ പ്രചാരണത്തിനെതിരെയും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതിനെതിരെയും ഒരാഴ്ച മുൻപ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. പാലാംകോണം കൂത്ത്പറമ്പ് സ്വദേശിക്കും പൊന്നമ്പി സ്വദേശിക്കുമെതിരെയായിരുന്നു പരാതി.തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരെയും യുവതിയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. എന്നാൽ ആ ദിവസം യുവതി സ്റ്റേഷനിൽ എത്തുകയോ, അരോപണ വിധേയർക്കെതിരെ തെളിവുകൾ ഹാജരാക്കുകയോ ചെയ്തിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച നാഗരുകുഴിക്ക് സമീപം വച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കുടുംബവീട്ടിൽ താമസിച്ചുവരികയുമായിരുന്നു.
വിദേശത്തുള്ള യുവതിയുടെ ഭർത്താവ് തിരിച്ചെത്തിയശേഷം നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളും സ്വീകരിക്കുമെന്ന് വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ അറിയിച്ചു.വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് മുക്കുന്നൂരിലുള്ള കുടുംബ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പിതാവ്: വിക്രമൻ.മാതാവ്: പ്രഭ. ഗൗരി നന്ദന പ്രവീണയുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |