ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ ഒ.ബി.സി കമ്മിഷന് ഭരണഘടനാ പദവി നൽകിയെന്നും എല്ലാ മേഖലകളിലും പട്ടികജാതി,പട്ടികവർഗ,ഒ.ബി.സി വിഭാഗങ്ങൾക്ക് അവസരങ്ങൾ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി സർക്കാർ ഒ.ബി.സി വിഭാഗത്തെ അവഗണിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി.
30-35 വർഷത്തിലേറെയായി,പാർലമെന്റിൽ ഒ.ബി.സി സമൂഹത്തിന് ഭരണഘടനാ അംഗീകാരം ആവശ്യപ്പെടുന്നു. ജാതി രാഷ്ട്രീയത്തെ അജണ്ടയാക്കുന്നവർ ഒരിക്കലും ഒ.ബി.സികളെക്കുറിച്ച് ചിന്തിച്ചില്ല. പട്ടികജാതി കുടുംബത്തിൽ നിന്ന് ഒരേസമയം മൂന്ന് എം.പിമാർ മുൻപ് വന്നിട്ടുണ്ടോ (സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവർ എം.പിമാരായത് സൂചിപ്പിച്ച്). ദരിദ്രർ,സാധാരണക്കാർ,മദ്ധ്യവർഗം എന്നിവരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ മനസിലാക്കാനുള്ള പ്രതിബദ്ധത നിർഭാഗ്യവശാൽ ചില ആളുകൾക്കില്ല. നിരാശയാൽ ചിലർ രാജ്യത്തെ തകർക്കാൻ ഭിന്നിപ്പിക്കുന്ന ഭാഷ ഉപയോഗിക്കുന്നു. നിരാശ എവിടേക്ക് നയിക്കുമെന്നറിയില്ല.എൻ.ഡി.എ സർക്കാരിന്റേത് ദീർഘകാല കാഴ്ചപ്പാടാണ്. മണ്ണുമായി ബന്ധപ്പെട്ടവരും,യാഥാർത്ഥ്യങ്ങൾ മനസിലാക്കുന്നവരും അതിനായി ജീവിതം സമർപ്പിക്കുന്നവരുമായ ആളുകൾ അനിവാര്യമായും മാറ്റം കൊണ്ടുവരുന്നു. പാവപ്പെട്ടവർക്ക് പൊള്ളയായ മുദ്രാവാക്യങ്ങൾ നൽകാതെ ഞങ്ങൾ യഥാർത്ഥ വികസനം കൊണ്ടുവന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്തതുപോലെ,പാർശ്വവത്‌കരിക്കപ്പെട്ടവരിലേക്കാണ് എൻ.ഡി.എ സർക്കാരിന്റെ ശ്രദ്ധ. അതുകൊണ്ടാണ്,പിന്നാക്ക വിഭാഗങ്ങൾക്കാർക്കു വേണ്ടി മന്ത്രാലയങ്ങൾ സൃഷ്ടിക്കുന്നത്.
ഇന്ന് നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടിയെയും നേതാവ് അരവിന്ദ് കേജ്‌രിവാളിനെയും മോദി വെറുതെ വിട്ടില്ല. ചിലർ ആഡംബര കുളിമുറി നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബി.ജെ.പി സർക്കാർ രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |