കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ച് ആർമി ടവർ പൊളിച്ചുപണിയാനുള്ള ഉത്തരവിലെ അവ്യക്തതകളിൽ ഫ്ളാറ്റുടമകൾക്ക് ആശങ്ക. ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് താമസക്കാരെ ഒഴിപ്പിക്കാനും പൊളിക്കാനും പുനർനിർമ്മിക്കാനുമുള്ള ചുമതല. കമ്മിറ്റിയുടെ ഘടന, വാടക ആർക്കൊക്കെ ലഭിക്കും, പ്രൊമോട്ടർമാരായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെ (എ.ഡബ്‌ള്യു.എച്ച്.ഒ) ചുമതല തുടങ്ങിയ കാര്യങ്ങളിൽ സംശയങ്ങളുണ്ടെന്ന് ഫ്ളാറ്റുടമകളുടെ സംഘടനയായ ചന്ദേർകുഞ്ച് വെൽഫെയർ ആൻഡ് മെയിന്റനൻസ് സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നു ടവറുകളും നിൽക്കുന്ന ഭൂമി ഇപ്പോഴും നിലമാണ്. ഇതു പുരയിടമാക്കി മാറ്റാൻ റവന്യു വകുപ്പ് 5 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ടവറുകൾ പുനർനിർമ്മിക്കാൻ 175 കോടി എ.ഡബ്‌ള്യു.എച്ച്.ഒ നൽകണമെന്നാണ് വ്യവസ്ഥ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എ.ഡബ്‌ള്യു.എച്ച്.ഒയ്‌ക്ക് ഈ പണം എവിടെ നിന്ന് ലഭിക്കുമെന്ന് അറിയില്ല. മെട്രോ റെയിലിന്റെ മൂന്നു തൂണുകൾ ചന്ദേർകുഞ്ചിന്റെ ഭൂമിയിലാണ്. കെ.എം.ആർ.എല്ലിൽ നിന്ന് ഒരു പൈസ പോലും ലഭിച്ചിട്ടില്ല. കറക്കുകമ്പനി പോലെയാണ് എ.ഡബ്‌ള്യു.എച്ച്.ഒയുടെ പ്രവർത്തനമെന്നും ഭാരവാഹികൾ ആരോപിച്ചു.
40ഓളം ഉമടകൾക്കു മാത്രമേ ഹൈക്കോടതി ഉത്തരവുപ്രകാരം മാറി താമസിക്കാൻ വാടക ലഭിക്കൂ. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ സമീപത്തുള്ള എ ടവറിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. പുനർനിർമ്മിക്കുമ്പോൾ കൂടുതൽ നിലകളും ഫ്ളാറ്റുകളും ആകാമെന്ന് ഉത്തരവിലുണ്ട്. ഭൂമിയുടെ ഉടമസ്ഥത നിലവിലെ ഉടമകളുടേതാണ്. ഇതിനെക്കുറിച്ചൊന്നും ഹൈക്കോടതി ഉത്തരവിൽ സൂചനയില്ല. വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്നും അവർ പറഞ്ഞു.
സൊസൈറ്റി ജോയിന്റ് സെക്രട്ടറി സജി തോമസ്, ലെഫ്. കമാൻഡർ (റിട്ട.) വി.വി.കൃഷ്ണൻ, വിംഗ് കമാൻഡർ (റിട്ട.) ജോർജ് ആന്റണി, ആനി ജോൺ, ലെഫ്. കേണൽ (റിട്ട.) സ്മിതാ റാണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |