പത്തനംതിട്ട : കഴിഞ്ഞ മാസം ജില്ലയിലെ ഒരു ഫയർഫോഴ്‌സ് ഓഫീസിലേക്ക് അമേരിക്കയിൽ നിന്നൊരു ഫോൺ കോൾ വന്നു. നാട്ടിലെ വീട്ടിൽ അമ്മ മുറിയിൽ വീണ് കിടക്കുന്നു. എഴുന്നേൽക്കാൻ കഴിയുന്നില്ല. വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. രക്ഷിക്കണം. ഒറ്റയ്ക്ക് താമസിക്കുകയാണ് അമ്മ. കുളിമുറിയുടെ ജനാലകൾ അറുത്തുമാറ്റി അകത്ത് കയറിയാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരുടെ മൂന്ന് മക്കളും വിദേശത്താണ്. അടൂരാണ് സംഭവം.
നാല് മക്കളുള്ള മറ്റൊരു അമ്മയുണ്ട് ഇലവുംതിട്ടയിൽ. മക്കൾക്ക് ആർക്കും നോക്കാൻ വയ്യ. ആൺമക്കളുടെയടുത്ത് മൂന്ന് മാസം വീതം മാറി താമസിക്കാൻ കോടതി ഉത്തരവായി. മൂന്നുമാസം തീരുമ്പോൾ തന്നെ അടുത്ത വീട്ടിലേക്ക് മാറണം. ഓടി തളർന്ന അമ്മ ഇപ്പോൾ ഇളയ മകന്റെ കൂടെയാണ് താമസം. അമ്മയുടെ പ്രശ്നമാണെന്ന് മക്കളും തിരിച്ചാണെന്ന് അമ്മയും. നാട്ടിൽ തന്നെയാണ് മക്കളെല്ലാവരും ഉള്ളത്.
ഇങ്ങനെ നിരവധി കേസുകളാണ് വൃദ്ധജനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടാകുന്നത്. പല കേസുകളും ഇപ്പോൾ കോടതിയിലാണ്. വിദേശത്തായ അമ്മയെ നോക്കാൻ സഹായികളെ ഏർപ്പെടുത്താത്ത നിരവധിപേരുമുണ്ട്. രക്ഷിതാക്കളെ വീട്ടിൽ നിന്നിറക്കി വിടുന്നവരെയും കാണാം.
രണ്ട് ലക്ഷത്തിലധികം വൃദ്ധ ജനങ്ങൾ
എല്ലാമാസവും ഇരുപത് കേസെങ്കിലും വൃദ്ധരുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ജില്ലയിൽ ആകെ രണ്ട് ലക്ഷത്തോളം വൃദ്ധരാണുള്ളത്. ഇവരിൽ പലരും പലവിധമായ അക്രമണങ്ങൾ നേരിടുന്നു. മക്കളുടെ സുരക്ഷയെ കരുതി പലരും പലതും പുറത്ത് പറയാതെ ജീവിക്കുകയാണ്.
പകൽ വീടുകളില്ല
വൃദ്ധർ ഒറ്റപ്പെടാതെ ഒരുമിച്ചു കൂടാനും അവരുടെ മാനസിക ഉല്ലാസങ്ങൾക്ക് അവസരമൊരുക്കാനും സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് പകൽ വീട്. ജില്ലയിൽ വെച്ചൂച്ചിറ, പെരുനാട് , തേക്കുതോട്, പള്ളിക്കൽ, ഉളനാട് പോളച്ചിറ, പാണിൽ , പുതുവാക്കൽ എന്നിവിടങ്ങളിൽ പകൽ വീടുകളുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. കോന്നിയിലും കലഞ്ഞൂരും മാത്രമാണ് പകൽ വീടുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നത്.
പകൽ വീടുകൾ പഞ്ചായത്ത് തല കമ്മിറ്റി കൂടി സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ വീടാക്കി മാറ്റാം. എന്നാൽ ചെലവ് കൂടുതലായതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നില്ല.
ജില്ലയിൽ വൃദ്ധസദനങ്ങളുടെ എണ്ണം : 46,
സർക്കാർ ഉടമസ്ഥതയിൽ : 1, അല്ലാത്തവ : 45
ജില്ലയിൽ നിരവധി വൃദ്ധജനങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ജീവിക്കാൻ വകയില്ലാതെ ബുദ്ധിമുട്ടുന്നവർ, കിടപ്പിലായവർ , ഇപ്പോഴും ജോലിക്ക് പോകുന്നവർ, ഉപദ്രവം സഹിക്കുന്നവർ അങ്ങനെയെല്ലാമാളുകളുണ്ട്. ചിലരെയൊക്കെ വൃദ്ധ സദനങ്ങളിലേക്ക് മാറ്റും.
ജെ.ഷംല ബീഗം
(ജില്ലാ സാമൂഹ്യ നീതി ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |