യുവതിയുടെ തോളെല്ലുപൊട്ടി
ഭർത്താവിന്റെ തലപൊട്ടി
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനുനേരെ രാത്രിയിൽ പൊലീസിന്റെ മിന്നലാക്രമണം. ലാത്തിയടിയേറ്റ് യുവതിയുടെ തോളെല്ല് പൊട്ടി. ഭർത്താവിന്റെ തല പൊട്ടി. യുവതിയുടെ സഹോദരീ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു. മഫ്ടിയിലെത്തിയ പത്തനംതിട്ട എസ്.ഐ ജെ.യു ജിനുവിന്റെ നേതൃത്വത്തിലായിരുന്നു നരനായാട്ട്.
എരുമേലി തുലാപ്പള്ളി ചെളിക്കുഴിയിൽ ശ്രീജിത്ത് (33), ഭാര്യ സിതാരമോൾ (31), സഹോദരീ ഭർത്താവ് ഷിജിൻ (35) എന്നിവരാണ് ഇരയായത്.
എസ്.ഐ ജിനുവിനെയും സി.പി.ഒമാരായ ജോബിൻ ജോസഫിനെയും അഷ്ഫാക്കിനെയും ഡി.ഐ.ജി അജിതാ ബീഗം സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പത്തനംതിട്ട നഗരത്തിൽ അബാൻ ജംഗ്ഷനിൽ ബാറിന് സമീപത്താണ് സംഭവം. കൊല്ലം ഭരണിക്കാവിന് സമീപം ഏഴാംമൈലിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത പതിനാറംഗ സംഘം ട്രാവലറിൽ മടങ്ങുകയായിരുന്നു. മലയാലപ്പുഴ, എരുമേലി, മുണ്ടക്കയം സ്വദേശികളാണിവർ.
മലയാലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് വരുന്നതും കാത്ത് വഴിയോരത്ത് നിന്നവരാണ് പരാക്രമത്തിന് ഇരയായത്. വന്ന ട്രാവലറിലാണ് മൂന്ന് പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്.അടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
എസ്.സി, എസ്.ടി വകുപ്പും വധശ്രമവും ചുമത്തി കേസെടുക്കണമെന്ന പരാതിക്കാരുടെ ആവശ്യം അവഗണിച്ചു. മാരകമായ ആയുധം കൊണ്ട് ആക്രമിക്കൽ, അടിപിടി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.
സെൽഫി എടുക്കവേ ആക്രമണം
മലയാലപ്പുഴ സ്വദേശിനിയായ ജോളിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് സാബു എത്താൻ വേണ്ടി കുറച്ചുപേർ ട്രാവലറിനു പുറത്തിറങ്ങി നിന്നു. ശ്രീജിത്ത്, സിതാര, അജയ് അജിത് എന്നിവർ അൻപത് മീറ്ററോളം നടന്ന് സെൽഫിയെടുത്തു. അതിനിടെ ജീപ്പിലെത്തിയ എസ്.ഐയും നാല് പൊലീസുകാരും ആക്രോശിച്ച് ലാത്തി വീശുകയായിരുന്നു.നിലത്തു വീണ സിതാരയെ പൊലീസ് ചവിട്ടി.
ആള് മാറിയെന്ന് പൊലീസ്
രാത്രി പതിനൊന്നു മണി കഴിഞ്ഞ് എത്തിയവർക്ക് ബാറിൽ നിന്ന് മദ്യം കൊടുത്തില്ല. ഇവർ കതകിന് അടിച്ചപ്പോൾ ജീവനക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു.
എത്തിയപ്പോൾ, യുവതിയും നാല് പുരുഷൻമാരും സെൽഫിയെടുക്കുന്നതു കണ്ടു. ഹെൽമറ്റ് ധരിച്ച രണ്ടുപേർ ഓടിപ്പോയി. ഇവർ, ഓടിപ്പോയവരുടെ കൂട്ടത്തിലുള്ളവരാണെന്ന് കരുതി ലാത്തി വീശുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാറിൽ അതിക്രമം കാട്ടിയതിന് പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
`രണ്ടു മൂന്ന് പേർ വടിയുമായി ആക്രോശിച്ചുകൊണ്ട് ഓടി വരുന്നതുകണ്ടു. ഗുണ്ടകളാണെന്ന് തോന്നി. ഞാനും ഭർത്താവും ഓടി. ഭർത്താവ് എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഭർത്താവിന് തലയ്ക്ക് അടി കിട്ടി. ഞങ്ങൾ വീണു. ഒരാൾ എന്നെ ചവിട്ടി. പുറത്തും കാലിനുമാണ് അടികിട്ടിയത്.'
-സിതാരമോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |