
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ ഫേസ് ബുക്കിൽ പങ്കുവച്ചതിന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 20ന് തിരുവനന്തപുരത്ത് നടന്ന ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചത്.
സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്. മുഖ്യമന്ത്രിയും പോറ്റിയും ചേർന്നുള്ള ചിത്രം എ.ഐ നിർമ്മിതമാണെന്നും വസ്തുതകൾ പുറത്തുവരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയായിരുന്നു സുബ്രഹ്മണ്യൻ ഫോട്ടോകൾ പങ്കുവച്ചത്. പിന്നീട് ഇതിൽ ഒരു ഫോട്ടോ പിൻവലിച്ചു. അതേസമയം, ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് കേസെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |