കൊച്ചി: 2024ലെ പദ്മ പുരസ്കാരത്തിന് കേരളം നിർദ്ദേശിച്ച 20 പേരിൽനിന്ന് കേന്ദ്ര സർക്കാർ പരിഗണിച്ചത് രണ്ട് പേരെ മാത്രം. എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെയും ഹോക്കി താരം പി.ആർ. ശ്രീജേഷിനെയും. എം.ടിക്ക് പദ്മവിഭൂഷണും ശ്രീജേഷിന് പദ്മഭൂഷണും ലഭിച്ചു.
കെ.എസ്. ചിത്രയെ പദ്മവിഭൂഷണും മമ്മൂട്ടിയെയും ടി. പദ്മനാഭനെയും പദ്മഭൂഷണും പ്രൊഫ.എം.കെ. സാനു, സി. രാധാകൃഷ്ണൻ, ഗായിക വൈക്കം വിജയലക്ഷ്മി, സൂര്യ കൃഷ്ണമൂർത്തി, വ്യവസായി ടി.എസ്. കല്യാണരാമൻ, കായികതാരം പദ്മിനി തോമസ് എന്നവരുൾപ്പടെ 15 പേരെ പദ്മശ്രീക്കും നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ ഇവരെ പരിഗണിക്കാതെ പട്ടികയിലില്ലാതിരുന്ന അഞ്ചുപേർക്കാണ് പദ്മശ്രീ ലഭിച്ചത്. പദ്മഭൂഷൻ ലഭിച്ച ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധൻ ജോസ് ചാക്കോ പെരിയപുറം, പദ്മശ്രീ ജേതാവ് സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഫുട്‌ബാൾ താരം ഐ.എം. വിജയൻ, സുപ്രീംകോടതിയിലെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ, നടി ശോഭന എന്നിവർ കേരളത്തിന്റെ പട്ടികയിൽ ഉണ്ടായിരുന്നവരല്ല.
മന്ത്രിമാരായ സജി ചെറിയാൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേശ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അന്നത്തെ ചീഫ് സെക്രട്ടറി വി. വേണു എന്നിവരുൾപ്പെട്ട സമിതിയാണ് നാമനിർദ്ദേശം തയ്യാറാക്കിയത്. പദ്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശം കേന്ദ്ര സർക്കാരിന്റെ അവാർഡ് പോർട്ടൽ മുഖേന സെപ്തംബർ 15ന് മുമ്പ് ഓൺലൈനായും ചീഫ് സെക്രട്ടറി കത്ത് മുഖേന ഓഗസ്റ്റ് അവസാനം കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സമർപ്പിച്ചിരുന്നതായി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
കേരളം പദ്മശ്രീക്ക് ശുപാർശ ചെയ്ത മറ്റുള്ളവർ
(പേര്, വിഭാഗം എന്ന ക്രമത്തിൽ)
1) പള്ളിയറ ശ്രീധരൻ----സാഹിത്യം
2) തിരുവിഴ ജയശങ്കർ----കല (സംഗീതം)
3) കലാമണ്ഡലം ചന്ദ്രൻ----കല (തിമില)
4) കെ. ജയകുമാർ----സിവിൽ സർവീസ്
5) ഡോ.ടി.കെ. ജയകുമാർ----ആരോഗ്യം
6)ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ----ആരോഗ്യം
7) ഫാ. ഡേവിസ് ചിറമ്മേൽ----സാമൂഹിക സേവനം
8) പുനലൂർ സോമരാജൻ----സാമൂഹിക സേവനം
9) വാണിദാസ് എലവയൂർ----വിദ്യാഭ്യാസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |