പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ദമ്പതികൾ അടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തിൽ പൊലീസിന്റെ ഒത്തുകളി. ഉത്തരവാദികളായ എസ്.ഐയുടേയും പൊലീസുകാരുടേയും പേരുകൾ ഇല്ലാതെ എഫ്.ഐ.ആർ. പൊലീസുകാർ സംഭവസ്ഥലത്ത് എത്തിയ സമയത്തിലും പൊരുത്തക്കേട്. ഇത് ഇവരെ രക്ഷിക്കാനാണെന്ന് ആക്ഷേപം.
ലാത്തിയടിക്ക് നേതൃത്വം നൽകിയത് പത്തനംതിട്ട എസ്.ഐ ജെ.യു. ജിനു, സിവിൽ പൊലീസ് ഒാഫീസർമാരായ ജോബിൻ ജോസഫ്, അഷ്ഫാക്ക് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ സസ്പെൻഡും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താത്തതിലാണ് ദുരൂഹത.
സംഭവം നടന്നത് രാത്രി പതിനൊന്നു മണിക്കെന്നാണ് എഫ്.ഐ.ആറിൽ. അതേസമയം, അബാൻ ജംഗ്ഷനിലെ ബാറിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ബാർ ജീവനക്കാർ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 11.15ന് വിളിച്ചു പറഞ്ഞ സംഭവത്തിൽ 11 മണിക്കേ എസ്.ഐയും സംഘവും എങ്ങനെ എത്തും. ആളുമാറി മർദ്ദിച്ചതാണെന്ന പൊലീസ് വാദത്തിന് എതിരാണ് എഫ്.ഐ.ആറിലെ വിവരങ്ങൾ. ഇതുകൂടാതെ പത്തനംതിട്ട എസ്.ഐയ്ക്കും കൂട്ടർക്കുമെതിരായ പരാതികൾ അതേ സ്റ്റേഷനിലെ സി.ഐയും പത്തനംതിട്ട ഡിവൈ.എസ്.പിയും അന്വേഷിക്കുന്നതിലും ആക്ഷേപമുയർന്നിട്ടുണ്ട്.
പരാതിക്കാരിൽ നിന്ന് കൂടുതൽ തെളിവെടുത്ത ശേഷം മർദ്ദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സമയത്തിലെ പൊരുത്തക്കേട് പരിശോധിക്കുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക്
പരാതി നൽകും
ആക്രമണം നടത്തിയത് എസ്.ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും എഫ്.ഐ.ആറിൽ പേരുകൾ ഉൾപ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയിൽ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവർ പറഞ്ഞു. പേരുകൾ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. വധശ്രമം, പട്ടികജാതി വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ആവശ്യപ്പെടും.
ദൃശ്യങ്ങളും പൊലീസിന് എതിര്
ലാത്തിയടിക്ക് ഇരയായവർ അടങ്ങുന്ന സംഘം ബാറിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടെങ്കിലും അതും എസ്.ഐയ്ക്കും കൂട്ടർക്കും എതിരാണ്. വിവാഹപ്പാർട്ടിക്കാർക്ക് ഒപ്പമുണ്ടായിരുന്ന ചിലർ ബാറിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്ക് സമീപം മറ്റ് രണ്ടു യുവാക്കൾ ബാർ ജീവനക്കാരോട് സംസാരിക്കുന്നതും ബൈക്കിൽ കയറിപ്പോകുന്നതുമുണ്ട്. ബൈക്കിൽ എത്തിയവർക്കെതിരെയാണ് ജീവനക്കാർ പരാതി നൽകിയത്. പൊലീസ് തല്ലിച്ചതച്ചത് വിവാഹപ്പാർട്ടിക്കാരെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |