പാർലമെന്റിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: വിലങ്ങും കാലുകളിൽ ചങ്ങലയുമായി 40 മണിക്കൂർ സൈനിക വിമാനത്തിൽ. ഭക്ഷണസമയത്തോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും ചങ്ങല അഴിച്ചില്ല. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൊടുംകുറ്റവാളികളെ പോലെ അമേരിക്ക നാട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ് രാജ്യം. പാർലമെന്റിന്റെ ഇരുസഭകളും പ്രതിഷേധത്തിൽ പ്രക്ഷുബ്ദ്ധമായി. ശേഷിക്കുന്നവർക്ക് മാന്യമായ തിരിച്ചുവരവ് സാദ്ധ്യമാക്കുമെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ഉറപ്പും ശാന്തരാക്കിയില്ല.
യു.എസ് സി-11 സൈനിക വിമാനത്തിൽ ബുധനാഴ്ച പഞ്ചാബിലെ അമൃത് സറിലെത്തിയവരാണ് നരകതുല്യ യാതന വെളിപ്പെടുത്തിയത്. ഇതു ശരിവയ്‌ക്കുന്ന വീഡിയോ യു.എസ് സൈന്യവും പുറത്തുവിട്ടു. ജോബ് വിസയ്ക്ക് ലക്ഷങ്ങൾ നൽകി റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽപ്പെട്ടവരാണ് ഇവരിൽ ഭൂരിപക്ഷവും. യു.എസ് ബോർഡർ പട്രോൾ മേധാവി മൈക്കൽ ബാങ്ക്സ് എക്‌സിൽ പോസ്റ്റു ചെയ്‌ത വീഡിയോയിൽ ചങ്ങലിയിട്ട് വിമാനത്തിൽ കയറ്റുന്നത് വ്യക്തമാണ്. നിയമവിരുദ്ധരായ ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുന്നെന്നും ദൈർഘ്യമേറിയ നാടുകടത്തലാണെന്നും ബാങ്ക്സ് പറയുന്നു.
ടെക്‌സാസിൽ നിന്ന് അമൃത് സർ വരെ യാത്രയിലുടനീളം കൈകാലുകൾ ബന്ധിച്ചെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ഹർവിന്ദർ സിംഗ് (40) വിവരിച്ചു. ഏജന്റിന് 42 ലക്ഷം രൂപ നൽകിയാണ് ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, മെക്സിക്കോ വഴി യു.എസിലെത്തിയത്. കുന്നും പുഴയും കടലും കടന്നുള്ള യാത്രയിൽ ഒപ്പമുള്ള ചിലർ മരിച്ചുവീണു. അവരെ അവിടെ ഉപേക്ഷിച്ചു.
മാന്യമായ തിരിച്ചുവരവ്
ഉറപ്പാക്കും: ജയശങ്കർ
യു.എസ് സർക്കാരുമായി സംസാരിച്ച് തിരിച്ചയ്‌ക്കുന്ന ഇന്ത്യക്കാർക്ക് മാന്യമായ യാത്ര ഉറപ്പാക്കുമെന്ന് എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു. വിമാനത്തിൽ സ്‌ത്രീകളെയും കുട്ടികളെയും ചങ്ങലയാൽ ബന്ധിച്ചിരുന്നില്ല. എല്ലാവർക്കും ഭക്ഷണവും വെള്ളവും നൽകി. സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിലവിലെ രീതിയാണ്. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി വേണം. ഇല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളിലേക്ക് വഴിതെളിക്കും.
കൊണ്ടുവരാൻ വിമാനം
അയയ്‌ക്കാത്തതെന്ത്
ഇന്ത്യ വിമാനമയച്ച് മാന്യമായ തിരിച്ചുവരവ് ഉറപ്പാക്കാത്തതെന്തെന്ന് പാർലമെന്റിൽ പ്രതിപക്ഷം ചോദിച്ചു. ബഹളത്തിൽ രണ്ടുതവണ നിറുത്തിവച്ച ലോക്‌സഭയിൽ എസ്.ജയശങ്കർ വിശദീകരണം നൽകിയെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. തുടർന്ന് സഭ പിരിഞ്ഞു. രാജ്യസഭയിൽ ജോൺബ്രിട്ടാസ്, പി. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആശങ്കകൾ ഉന്നയിച്ചു. പ്രതിപക്ഷം വാക്കൗട്ട് നടത്തി പുറത്ത് പ്രതിഷേധിച്ചു. രാഹുൽ, പ്രിയങ്ക, അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ 'തടവുകാരല്ല, മനുഷ്യരാണ്' എന്നെഴുതിയ പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം.
യു.എസ് നാടുകടത്തിയത്
15,668 ഇന്ത്യക്കാരെ
രേഖകളില്ലാത്തതിന് യു.എസിൽ നിന്ന് 2009 മുതൽ കഴിഞ്ഞ ദിവസം വരെ നാടുകടത്തിയത് 15,668 ഇന്ത്യക്കാരെയെന്ന് ഇമിഗ്രേഷൻ ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2019ൽ 2042, 2020ൽ 1889, 2024ൽ 1368, 2018ൽ 1180 എന്നിങ്ങനെ ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്.
ഇന്ത്യ നിയമവിരുദ്ധ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കില്ല. നിയമവിരുദ്ധമായി താമസിക്കുന്നവരെ തിരികെ കൊണ്ടുവരേണ്ടത് എല്ലാ രാഷ്ട്രങ്ങളുടെയും കടമയാണ്. നിയമാനുസൃത യാത്രക്കാർക്ക് വിസ നടപടികൾ ലഘൂകരിക്കും. അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി വേണം. ഇടനിലക്കാരായ ഏജന്റുമാർക്കെതിരെ നിയമ നടപടി ഉറപ്പാക്കും.
സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തുന്നത് യു.പി.എ ഭരിച്ച 2012 മുതലുള്ള നടപടിക്രമമാണ്. സൈനിക വിമാനമായാലും സ്‌ത്രീകളെയും കുട്ടികളെയും ബന്ദികളാക്കാറില്ല. ഭക്ഷണവും മെഡിക്കൽ പരിചരണവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |