തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തുടരും. തൊടുപുഴയിൽ നടന്ന സമ്മേളനത്തിൽ നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നാലുപേരെ ഒഴിവാക്കി. 39 അംഗ ജില്ലാ കമ്മിറ്റിയേയും 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി ഏകകണ്ഠമായാണ് സി.വി. വർഗീസിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2022ൽ കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ കെ.കെ. ജയചന്ദ്രൻ ഒഴിഞ്ഞപ്പോഴാണ് വർഗീസ് ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. അറുപത്തിനാലുകാരനായ വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. 23 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവും കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗവുമാണ്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനാണ്. കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണസംഘം സ്ഥാപക പ്രസിഡന്റുമാണ്. ചെള്ളക്കുഴിയിൽ വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകൻ. 18-ാം വയസിൽ പാർട്ടിയംഗമായി. 1980ൽ അമ്പലമേട് ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയാ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.
മേയർ സ്ഥാനം: ഇനി
ചർച്ചയ്ക്കില്ലെന്ന്
സി.പി.ഐ ജില്ലാ കമ്മിറ്റി
കൊല്ലം: മേയർ സ്ഥാനം കൈമാറുന്നത് സംബന്ധിച്ച ധാരണകൾ അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ ഇനി ജില്ലയിൽ ഈ വിഷയത്തിൽ സി.പി.എം നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയിൽ വ്യക്തമാക്കി.
തുടർന്നുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും.
കോർപ്പറേഷൻ കൗൺസിലിലെ സി.പി.ഐ അംഗങ്ങൾ ഇടതുപക്ഷ നിലപാട് തുടരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ സ്ഥാനങ്ങൾ സി.പി.ഐ-സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ് പങ്കു,വച്ചുവരുന്നത്. ധാരണപ്രകാരം രണ്ട് വർഷം പിന്നിട്ടപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐ ഒഴിഞ്ഞിരുന്നു. 2024 ഡിസംബർ 30ന് കൊല്ലം മേയർ സ്ഥാനം സി.പി.എം ഒഴിയേണ്ടതായിരുന്നു. അതുണ്ടാകാഞ്ഞതിനാൽ സി.പി.എം ജില്ലാ നേതൃത്വത്തിന് സി.പി.ഐ ജനുവരി 13ന് കത്ത് നൽകി. അതിനോടും പ്രതികരിക്കാഞ്ഞതിനാൽ ജനുവരി 23ന് വീണ്ടും കത്ത് നൽകി.
മേയർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ച സമയം ആവശ്യമുണ്ടെന്നും ഫെബ്രുവരി 5ന് സി.പി.എം പ്രതിനിധി രാജി വയ്ക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി അറിയിച്ചു. അതും പാലിക്കാഞ്ഞ സാഹചര്യത്തിലാണ് അന്ന് വൈകിട്ട് ഡെപ്യൂട്ടി മേയർ സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും രാജിവയ്ക്കാൻ സി.പി.ഐ തീരുമാനിച്ചത്.
സി.പി.ഐ -സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ധാരണകൾക്ക് വ്യത്യസ്തമായ സമീപനമാണ് ജില്ലയിലെ സി.പി.എമ്മിന്. ഫെബ്രുവരി 10ന് രാജി വയ്ക്കുമെന്നാണ് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മേയറുമായല്ല . സി.പി.എം ജില്ലാ നേതൃത്വവുമായാണ് സി.പി.ഐയുടെ ധാരണ. അതാണ് അട്ടിമറിക്കപ്പെട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന വാദം ബാലിശമാണ്. ഇത്തരം പ്രസ്താവനകൾ മുന്നണി സംവിധാനത്തിന് ചേർന്നതല്ല. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |