
കൊല്ലം: മുൻ എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ടതിന് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവുകൂടി സിപിഎം വിട്ടു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബുവാണ് മുപ്പതുവർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് മുസ്ലീംലീഗിൽ ചേർന്നത്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നാണ് സുജ ലീഗ് അംഗത്വം സ്വീകരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറിയായിരുന്ന സുജ നിലവിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗംകൂടിയാണ്. മൂന്നുതവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
സിപിഎമ്മിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് സുജ പ്രതികരിച്ചത്. പുറമേ പറയുന്നതുപോലെ മതനിരപേക്ഷത സിപിഎമ്മിലില്ലെന്നും ഒരു വാഗ്ദ്ധാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും അവർ പറഞ്ഞു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാപോറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടണുള്ളതെന്നും സുജ പറഞ്ഞു.
അതേസമയം, ഐഷ പോറ്റിയെ കൊട്ടാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ട്. ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയായെത്തിയാൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിൽ പോരാട്ടം കടുക്കും. മന്ത്രി കെ എൻ ബാലഗോപാലായിരിക്കും ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി എന്നത് ഏറക്കുറെ ഉറപ്പാണ്. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയാണ് ഐഷാപോറ്റിയുടെ കരുത്ത്. 2006ൽ ആർ.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റി നിയമസഭയിലെത്തിയത്. 2011ലും 16ലും കൊട്ടാരക്കരയിൽ വിജയം ആവർത്തിക്കുകയായിരുന്നു. മാത്രമല്ല ഭൂരിപക്ഷം കാര്യമായി ഉയർത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |