
കൊച്ചി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകി, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ പകരത്തീരുവ അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. ആഗോള വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുത്തനെ ഉയർത്താനുള്ള തീരുമാനം പ്രസിഡന്റിന്റെ അധികാര പരിധി ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഒൻപതംഗങ്ങളുള്ള ജഡ്‌ജിമാരുടെ പാനലിൽ ആറ് പേർ ട്രംപിനെതിരെ നിലപാടെടുത്തു.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേർസ് നിയമം ഉപയോഗിച്ച് തീരുവ വർദ്ധിപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ല. വ്യാപാര താത്പര്യങ്ങൾക്കായി സാമ്പത്തിക നിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിന് എതിരെ ശക്തമായ നിലപാടാണ് കോടതി സ്വീകരിച്ചത്.
കുടിയേറ്റം, സ്വതന്ത്ര സർക്കാർ ഏജൻസികളുടെ മേധാവികളെ പുറത്താക്കൽ, സർക്കാരിന്റെ ചെലവ് കുറയ്ക്കൽ തുടങ്ങിയ നടപടികളിൽ കഴിഞ്ഞ വർഷം ട്രംപിന് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരുന്നത്. എന്നാൽ, തീരുവയിൽ ട്രംപിനെ കോടതി ഞെട്ടിച്ചു.
പരിധിയില്ലാത്ത തുകയും കാലാവധിയും തീരുവയായി ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് അസാധാരണമായ അധികാരമാണ് പ്രയോഗിച്ചതെന്ന് ചീഫ് ജസ്‌റ്റീസ് ജോൺ റോബർട്ട്‌സ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് പദവിയുടെ പ്രാധാന്യവും ചരിത്രവും ഭരണഘടന ഉത്തരവാദിത്തവും മറന്നു. പകരത്തീരുവ ഏർപ്പെടുത്തുന്നതിന് മുൻപ് കോൺഗ്രസിന്റെ അനുമതി നേടണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് പകരത്തീരുവ പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് ആശ്വാസമാകും
1 ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 27 ശതമാനം പകരത്തീരുവയാണ് തുടക്കത്തിൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്
2 തൊട്ടുപിറകെ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരിൽ 25 ശതമാനം പിഴത്തീരുവ കൂടി പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ മൊത്തം തീരുവ 50 ശതമാനമായി
3 ഇതോടെ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കനത്ത തിരിച്ചടി നേരിട്ടു. ദീർഘകാലത്തെ ചർച്ചയ്ക്ക് ശേഷം തീരുവ 18 ശതമാനമായി കുറച്ച് ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറാക്കി
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായുള്ള വ്യാപാരം കഴിഞ്ഞ വർഷം ഏപ്രിലിന് മുൻപുള്ള പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകും. എന്നാൽ ട്രംപ് പ്രവചിക്കാനാവാത്ത സ്വഭാവക്കാരനാണ്. ഏതെങ്കിലും തരത്തിലുള്ള പഴുതുകൾ കണ്ടെത്തി പകരം തീരുവ വീണ്ടും ഏർപ്പെടുത്തിയേക്കും
വി.കെ. വിജയകുമാർ,
ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഫിനാൻഷ്യൽ സർവീസസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |