കായംകുളം: പകുതിവിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇടുക്കി സ്വദേശി അനന്തു കൃഷ്ണനെതിരെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയത് 250 പേരുടെ പരാതികൾ. നഗരസഭയിലെ 44 വാർഡുകളിലലായി 2000 ത്തോളം പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന. സി.പി.എം കായംകുളം നഗരസഭ വനിതാ കൗൺസിലർ, എൽ.സി അംഗം എന്നിവർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.
പണം നഷ്ടമായവർ നാണക്കേടുകാരണം പരാതി കൊടുക്കാത്ത സംഭവങ്ങളുമുണ്ട്. തട്ടിപ്പിനിരയായവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. കായംകുളം സ്വദേശികളായ സബിത, സനിത എന്നിവരെയും പ്രതികളാക്കി കായംകുളം പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവ നൽകാമെന്ന് പറഞ്ഞാണ് എ.ഡി.എസ് കുടുംബശ്രീകൾ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയത്.
അനന്തു കൃഷ്ണൻ അറസ്റ്റിലായതിന് പിന്നാലെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കി സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നത്. മുതുകുളം സീഡ് സൊസൈറ്റി എന്ന പേരിൽ വ്യാജ സൊസൈറ്റി രൂപീകരിച്ചാണ് കായംകുളത്തും സമീപപ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയത്. 320 രൂപയാണ് അംഗത്വത്തിന് വാങ്ങിയത്.ഈ സൊസൈറ്റിയുടെ പേരിൽ മാത്രം രണ്ടുകോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തി. ഇതിന്റെ ആദ്യഘട്ടത്തിൽ മാസങ്ങൾക്കു മുൻപ് കായംകുളം കാദിശ ഓഡിറ്റോറിയത്തിൽ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി മുതുകുളം, മാവേലിക്കര, ചെങ്ങന്നൂർ, ഭരണിക്കാവ് തുടങ്ങിയ സീഡ് സൊസൈറ്റികളുടെ ഗുണഭോക്തൃ സംഗമം എന്ന നിലയിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |