കേജ്‌രിവാളും സിസോദിയയും തോറ്റു
ആശ്വാസമായി അതിഷിയുടെ ജയം
കോൺഗ്രസിന് പൂജ്യത്തിൽ ഹാട്രിക്
ന്യൂഡൽഹി: 27 വർഷത്തിനുശേഷം ഡൽഹിയിൽ ബി.ജെ.പിയുടെ മാസ് കം ബാക്ക്. രാജ്യ തലസ്ഥാനത്തും ഇനി മോദിപ്രഭയിൽ"ഡബിൾ എൻജിൻ" സർക്കാർ.
ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തറപറ്റി. ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെ വീഴ്ത്തിയുള്ള വിജയം ബി.ജെ.പിക്ക് ഇരട്ടിമധുരമായി.
70 നിയമസഭ സീറ്റുകളിൽ 48 ഇടത്തും ബി.ജെ.പി കത്തിക്കയറി. 2020ൽ ബി.ജെ.പിക്ക് കിട്ടിയത് എട്ട് സീറ്റ് മാത്രം. അന്ന് 62 സീറ്റ് നേടിയ ആപ്പിനെ ബി.ജെ.പി 22 സീറ്റിൽ തളച്ചു. ഒരുകാലത്ത് തലസ്ഥാനം അടക്കിവാണിരുന്ന കോൺഗ്രസ് തുടർച്ചയായി മൂന്നാമതും പൂജ്യത്തിലൊതുങ്ങി. സി.പി.എം, സി.പി.ഐ പാർട്ടികളുടെ വോട്ടുശതമാനം 'നോട്ട"യ്ക്കും താഴെ.
മന്ത്രിസഭാരൂപീകരണ നീക്കങ്ങൾ ബി.ജെ.പി ഊർജ്ജിതമാക്കി. കേജ്രിവാളിനെ മലർത്തിയടിച്ച പർവേഷ് സാഹിബ് സിംഗ് വെർമയെ മുഖ്യമന്ത്രിയാക്കാനാണ് സാദ്ധ്യത. കപിൽ മിശ്ര, മൻജീന്ദർ സിംഗ് സിർസ, സതീഷ് ഉപാദ്ധ്യായ എന്നിവരും പരിഗണനയിലുണ്ട്.
അതേസമയം, കേജ്‌രിവാളിന്റെ പരാജയം ആം ആദ്മിയെ ഞെട്ടിച്ചു. അഴിമതി വിരുദ്ധ നായകനായി രംഗപ്രവേശം ചെയ്ത കേജ്രിവാൾ, അഴിമതിക്കാരനെന്ന പേരുദോഷവുമായാണ് പുറത്തുപോകുന്നത്. അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന വാക്ക് ജനം ചെവിക്കൊണ്ടില്ല. ന്യൂഡൽഹി സീറ്റിൽ 4,089 വോട്ടുകൾക്കാണ് കേജ്‌രിവാളിന്റെ തോൽവി. കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി ജയിച്ചത് മാത്രമാണ് ഏകആശ്വാസം.
തോറ്റ പ്രമുഖർ
1. അരവിന്ദ് കേജ‌്‌രിവാൾ
2. മനീഷ് സിസോദിയ (മുൻ ഉപമുഖ്യമന്ത്രി)
3. സൗരഭ് ഭരദ്വാജ് (ആരോഗ്യമന്ത്രി)
വോട്ടു ശതമാനം
ആംആദ്മി
2020ൽ- 53.7%
2025ൽ- 43.55%
ബി.ജെ.പി
2020ൽ- 38.51%
2025ൽ- 45.89%
കോൺഗ്രസ്
2020ൽ- 4.26%
2025ൽ- 6.35%
(അന്തിമകണക്കിൽ മാറ്റം വന്നേക്കാം)
കുറിക്കുകൊണ്ട ബി.ജെ.പി തന്ത്രം
1 മദ്ധ്യവർഗ - സ്ത്രീ വോട്ടർമാരുടെ വിശ്വാസം നേടാനായി
2 ചേരിയിൽ താമസിക്കുന്നവർക്ക് വീട്, സൗജന്യ വൈദ്യുതി, വെള്ളം തുടങ്ങിയ വാഗ്ദാനങ്ങൾ
3 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയ ബഡ്ജറ്റ് പ്രഖ്യാപനം
4 ഭൂരിപക്ഷ വോട്ടുകൾ ധ്രുവീകരിക്കുന്നതിൽ വിജയം
5 സ്ത്രീകൾക്ക് മാസം 2500 രൂപ, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങൾ
ആം ആദ്മിക്ക് അടി തെറ്റിയത്?
1 അഴിമതി വിരുദ്ധ പോരാളിയായി നിലകൊണ്ട കേജ്‌രിവാളിന്റെ പ്രതിച്ഛായ തകർത്ത മദ്യനയ അഴിമതി
2 ഔദ്യോഗിക വസതി 33 കോടി മുടക്കി നവീകരിച്ചത് സാധാരണക്കാരനെന്ന ഇമേജ് തകർത്തു
3 അതിരൂക്ഷ അന്തരീക്ഷ മലിനീകരണത്തിനെതിരെ ശക്തമായ നടപടിയെടുക്കാനായില്ല
4 ഹരിയാനക്കാർ വെള്ളത്തിൽ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ പരാമർശം
5 അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല, ജനം മാലിന്യത്താൽ പൊറുതിമുട്ടി
''ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമാകും. വാഗ്ദാനങ്ങൾ ബി.ജെ.പി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- ആംആദ്മി നേതാവ് കേജ്‌രിവാൾ
ബി.ജെ.പിക്ക് ഉജ്ജ്വല വിജയം നൽകിയതിന് ഡൽഹിയിലെ സഹോദരങ്ങൾക്ക് നന്ദി. വികസനവും സദ്ഭരണവും വിജയിക്കും
- പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |