തിരുവനന്തപുരം: രാജ്യം ഇലക്ട്രിക് വാഹനങ്ങൾക്ക്(ഇ.വി) പ്രോത്സാഹനം നൽകുന്ന നയം സ്വീകരിക്കുമ്പോൾ സംസ്ഥാനം നികുതി ഇരട്ടിയാക്കി വരുമാനവർദ്ധനവിന് ശ്രമിക്കുന്നത് വിപരീതഫലം വിളിച്ചുവരുത്തുമെന്ന് സൂചന.
10 %വരെയാണ് ഇ.വിക്ക് നികുതി ഏർപ്പെടുത്തുന്നത്. നേരത്തെ എല്ലാ ഇ.വികൾക്കും 5% ആയിരുന്നു നികുതി. ഉപഭോക്താക്കളെ ഇ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ഇതിടയാക്കും. തമിഴ്നാടും കർണ്ണാടകയും ഇ വാഹനങ്ങൾക്ക് റോഡ് നികുതി ഈടാക്കാതെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഇവിടുത്തെ പിന്തിരിയൽ. മറ്റു വാഹനങ്ങളുടെ കാര്യത്തിലാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ നികുതിയാണ് സംസ്ഥാനം ഈടാക്കിവരുന്നത്. ലിഥിയം അയോൺ ബാറ്ററി നിർമ്മാണത്തിനുള്ള ഘടകങ്ങൾക്ക് കേന്ദ്ര ബഡ്ജറ്റിൽ നികുതി കുറച്ചപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞത്. എന്നാൽ, സംസ്ഥാന ബഡ്ജറ്റ് വന്നതോടെ വില വർദ്ധിക്കുമെന്ന സ്ഥിതിയിലായി.
20 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഇ വാഹനങ്ങൾക്ക് ചുമത്തുന്നത് വിലയുടെ 10% നികുതിയാണ്. 21ലക്ഷം രൂപയാണ് വിലയെങ്കിൽ 2.1ലക്ഷം രൂപ നികുതിയിനത്തിൽ അധികം നൽകേണ്ടിവരും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് വിലയെങ്കിൽ 8% നികുതി നൽകണം.
ബാറ്ററി ചാർജ് തീരുമ്പോൾ മാറ്റിയെടുക്കാൻ കഴിയുന്ന പദ്ധതി ഈയിടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നു. ചാർജ്ജിംഗ് സമയം ലാഭിക്കാൻ കഴിയുന്നതായിരുന്നു ഈ പദ്ധതിയുടെ നേട്ടം. അതിനും സംസ്ഥാനം നികുതിയിടുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ബാറ്ററി റെന്റിംഗ് ഇ.വി ആണെങ്കിൽ അവയുടെ വിലയുടെ 10 % നികുതി ഈടാക്കുമെന്നാണ് പ്രഖ്യാപനം. ബാറ്ററി സ്വന്തമായി വാങ്ങാതെ പണം ലാഭിക്കാമെന്ന് കണക്കാക്കിയവർക്ക് ഇതും തിരിച്ചടിയാകും.
കെ.എസ്.ആർ.ടി.സിക്കും ഡീസൽ
കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങാനായി 107 കോടി രൂപയാണ് വകയിരുത്തിയത്. അത് ഡീസൽ ബസുകൾ വാങ്ങാനാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സർക്കാർ ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചോഴാണ് ഈ തിരിച്ചുപോക്ക്. 2030നു മുമ്പ് പടിപടിയായി ഡീസൽ ബസുകളെ നിരത്തുകളിൽ നിന്നു പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുമ്പോഴാണ് ഇവിടെ വീണ്ടും ഡീസൽ ബസിനു പിറകേ പോകുന്നത്.
പ്രതീക്ഷ വരുമാനവർദ്ധന
ഇ.വിക്ക് സംസ്ഥാനത്ത് പ്രിയമേറിയതോടെ വരുമാനം കൂടുതലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ നികുതി വർദ്ധിപ്പിക്കുന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇ.വിക്ക് വില കൂടുതലാണ്. അതിനൊപ്പം നികുതി കൂടി കൂടിയാൽ വില്പന കുറയുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
ഇ വാഹനക്കുതിപ്പ്
2020- 1,368
2021- 39,623
2023- 75,802
2024- 2,40,960
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |