ന്യൂഡൽഹി: വാരാണസിയിൽ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എതിരാളി. കേന്ദ്രം ബി.ജെ.പി പിടിച്ചെടുത്തതിനുപിന്നാലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറി. കേജ്‌രിവാൾ നിസാരനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും കുറിച്ചിട്ടു.
കടുത്ത രാഷ്‌ട്രീയ നീക്കങ്ങളിൽ നിന്നൊക്കെ വഴുതിമാറി കേജ്‌രിവാൾ ജനകീയനായി. ഡൽഹിയിൽ ബി.ജെ.പിയുടെ മൂക്കിനു താഴെ വളർന്നു. 2019ൽ വൻ ഭൂരിപക്ഷത്തിൽ മോദി സർക്കാർ അധികാരത്തുടർച്ച നേടി. തൊട്ടടുത്ത വർഷം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി സർക്കാർ പുറത്താകുമെന്നും 21വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കാമെന്നും ബി.ജെ.പി കരുതി. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ച് കേജ്‌രിവാൾ തിരിച്ചുവന്നു.
പഞ്ചാബിലും അധികാരം
2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി, ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും അരികിലാക്കി ആം ആദ്‌മിയുടെ ചരിത്ര വിജയം. ആ വർഷം ഡിസംബറിൽ നടന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ആം ആദ്മിയുടെ കുതിപ്പ്. ഗോവ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കുപുറമെ മോദിയുടെ ഗുജറാത്തിലും വേരുപിടിച്ചു. ദേശീയ പാർട്ടിയായി.
വഴി മാറി ചിന്തിച്ച്
ഹനുമാൻ സ്‌തോത്രങ്ങൾ പാടി സ്വയം ഹിന്ദുവായി വിശേഷിപ്പിക്കുന്ന കേജ്‌രിവാൾ ഹിന്ദുത്വ അജണ്ടയുള്ള ബി.ജെ.പിക്ക് തലവേദനയായി.
പതിവുരാഷ്‌ട്രീയ ആയുധങ്ങളുമായി മല്ലിടാനാകില്ലെന്ന് മനസിലാക്കി ബി.ജെ.പിയും കേന്ദ്രസർക്കാരും വേറെ വഴി ആലോചിച്ചു. 2006ൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഗ്‌സസെ അവാർഡ് ലഭിച്ച കേജ്‌രിവാളിനെയും ലോക്‌പാൽ സമരത്തിലൂടെ അഴിമതിവിരുദ്ധ സന്ദേശമുയർത്തി രൂപീകരിച്ച പാർട്ടിയെയും അതേ നാണയത്തിൽ വീഴ്‌ത്താൻ അവർ കരുനീക്കി. കേജ്‌രിവാളിന്റെ കടയ്‌ക്കൽത്തന്നെ കത്തിവയ്‌ക്കാൻ പറ്റിയ ആയുധം കിട്ടി. 'മദ്യനയ അഴിമതി".
അഭിമാന പദ്ധതി
2021 നവംബറിൽ ഡൽഹി സർക്കാർ അഭിമാന പദ്ധതിയായി മദ്യനയം അവതരിപ്പിച്ചു
ചില്ലറമദ്യ വിൽപന പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതാണ് പദ്ധതി. പിന്നാലെ ലൈസൻസ് വിതരണത്തിൽ അഴിമതി ആരോപണമുയർന്നു.
ആംആദ്മി- ബി.ജെ.പി വാക്‌പോര്. മദ്യനയവുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് സുപ്രധാന വിവരങ്ങൾ ലഭിച്ചു.
2022ജൂലായ് 20ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയുടെ ശുപാർശ പ്രകാരം സി.ബി.ഐ കേസെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇ.ഡിയും
2022 ആഗസ്റ്റ് 17ന് കേജ്‌രിവാളിന്റെ വിശ്വസ്തനും ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ ഒന്നാം പ്രതിയാക്കി
2023 ഫെബ്രുവരി 26ന് അറസ്റ്റ്. സിസോദിയ ഉപമുഖ്യമന്ത്രി പദം രാജിവച്ചു.
കേജ്‌രിവാളിന്റെ മറ്റൊരു വിശ്വസ്തൻ സത്യേന്ദ്ര ജെയിനിനെതിരായ ഹവാലാ കേസും ഉയർന്നുവന്നു
2023 ഏപ്രിലിൽ കേജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തു
2024 മാർച്ച് 11ന് ബി.ആർ.എസ് നേതാവ് കവിത അറസ്റ്റിൽ
മാർച്ച് 24ന് കേജ്‌രിവാൾ അഴിക്കുള്ളിൽ.
ജൂലായ് 12ന് ഇ.ഡി കേസിലും സെപ്തംബർ 13ന് സി.ബി.ഐ കേസിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചു
മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |