മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യനടനാണ് ജനാർദ്ദനൻ. വില്ലൻ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടന്റെ ജീവിതവും സിനിമ പോലെയായിരുന്നു. ഇപ്പോഴിതാ ജനാർദ്ദനനും താനും ഉറ്റ സുഹൃത്തുക്കളാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കുടുംബത്തിനായി ജീവിതം മാറ്റിവച്ച നല്ലൊരു മനുഷ്യനാണ് ജനാർദ്ദനൻ എന്നും അഷ്‌റഫ് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അതിസുന്ദരനും വേറിട്ട ശബ്ദത്തിന് ഉടമയുമായ ജനാർദ്ദനനെ ഞാൻ ഒരു സിനിമാഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പരിചയപ്പെടുന്നത്. 45 വർഷം പിന്നിട്ടിട്ടും ഞങ്ങൾ തമ്മിലുളള സൗഹൃദം ഒട്ടും കുറഞ്ഞു പോയിട്ടില്ല. അദ്ദേഹത്തിന് മദ്രാസിൽ വലിയൊരു സുഹൃത്തുവലയം തന്നെയുണ്ടായിരുന്നു. ജീവിതം എന്നും ആഘോഷമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. എയർഫോഴ്സിലുണ്ടായിരുന്ന ജോലി രാജി വച്ച് നാട്ടിലെത്തിയ ജനാർദ്ദനൻ കൊല്ലത്തെ ഒരു ബാറിലെത്തുകയായിരുന്നു. ആ ബാറിന്റെ ഉടമയും പ്രശസ്ത സിനിമാനിർമാതാവുമായ എസ് കെ നായർ അവിടെ ഉണ്ടോയെന്ന് ജനാർദ്ദനൻ തിരക്കി. അങ്ങനെ അവിടെ വച്ച് രണ്ടുപേരും കണ്ടുമുട്ടി.
അവിടെ വച്ചാണ് ജനാർദ്ദനൻ അഭിനയമോഹത്തെക്കുറിച്ച് എസ് കെ നായരോട് പറഞ്ഞത്. അങ്ങനെ അദ്ദേഹം എസ് കെ നായർ നിർമിച്ച ചെമ്പരത്തി എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമിന്റെ ഭാഗമായി. ആ ചിത്രത്തിന്റെ നായികയെ പ്രശസ്ത സംവിധായകനായ സേതുമാധവൻ പണി തീരാ വീട് എന്ന ചിത്രത്തിൽ കാസ്റ്റ് ചെയ്തു. ജനാർദ്ദനനും സേതുമാധവനും നല്ല സുഹൃത്തുക്കളായി. അങ്ങനെയാണ് അഭിനയരംഗത്തേക്ക് ജനാർദ്ദനൻ കടന്നുവരുന്നത്. ആദ്യമൊന്നും നല്ല വേഷം അദ്ദേഹത്തെ തേടി എത്തിയിരുന്നില്ല. എന്നാൽ സംവിധായകനായ ഐ വി ശശിയുടെ വരവോടെയാണ് ജനാർദ്ദനന് നല്ല വേഷങ്ങൾ ലഭിച്ച് തുടങ്ങിയത്.
ആദ്യസമയങ്ങളിൽ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് സിനിമാനിർമാണവും നടത്തിയിട്ടുണ്ട്. അദ്ദേഹം നല്ലൊരു ഭക്ഷണപ്രിയനാണ്. രുചികരമായ വിഭവങ്ങൾ പാചകം ചെയ്യും. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയാലും അദ്ദേഹത്തിന് പാചകം ചെയ്യാൻ അവസരം ലഭിക്കുമെങ്കിൽ ചെയ്യുമായിരുന്നു. തുടർന്നാണ് അദ്ദേഹം വില്ലൻവേഷങ്ങളിൽ നിന്ന് കോമഡി വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. അതിൽ വിജയിക്കുകയും ചെയ്തു. സിനിമാരംഗത്ത് ശത്രുക്കളില്ലാത്ത നടനാണ് അദ്ദേഹം. ഭാര്യയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സംഘർഷഭരിതമായത്. മക്കളുണ്ടാക്കി വച്ച കോടികണക്കിന് രൂപയുടെ കടങ്ങളും അദ്ദേഹം ഒരു പരാതിയുമില്ലാതെ പരിഹരിച്ചു'- അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |