തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒരു പവന്റെ പാദസരം കവർന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം അങ്ങാടിപ്പറമ്പ് സ്വദേശി ശ്രീജിത്ത് സി.വിയെയാണ് റെയിൽവെ പൊലീസ് അറസ്റ്ര് ചെയ്തത്. 26ന് രാവിലെ ആറുമണിക്ക് രാജറാണി എക്‌സ്‌പ്രസിലായിരുന്നു സംഭവം. ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തവെയായിരുന്നു കവർച്ച. കട്ടിംഗ് പ്ളയർ ഉപയോഗിച്ചാണ് യുവതിയുടെ വലതുകാലിൽ കിടന്ന പാദസരം മോഷ്ടിച്ചത്. ഇടതുകാലിലെ പാദസരം കട്ട് ചെയ്യാനൊരുങ്ങവെ യുവതി ഉണർന്ന് ബഹളംകൂട്ടി. ഇതിനിടെ കവർന്ന പാദസരവുമായി പ്രതി പ്ളാറ്റ്ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ട്രെയിനിൽ കവർച്ച നടത്തുന്ന സംഘങ്ങൾ സജീവമാകുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മിർസാപൂർ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കവർച്ചാസംഘങ്ങളാണിവർ. കള്ളവണ്ടി കയറിയെത്തുന്ന ഇവർ തലസ്ഥാനത്തേക്കുള്ള ട്രെയിനുകളിലാണ് കൂടുതലായും കയറുന്നത്. രാത്രിസമയത്ത് ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വർണവും പണവുമാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |