തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും, കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് ടേം വ്യവസ്ഥ ലംഘിച്ചത് തിരിച്ചടിയായെന്നും സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. കരുവന്നൂർ ബാങ്ക് വിഷയം പാർട്ടിയെ വലിയ വിഷമത്തിലാക്കി. ക്രമക്കേട് നീതികരിക്കാനാകാത്തതായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ തട്ടിപ്പ് ബാധിച്ചു. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കണം.. രണ്ടര വർഷത്തിനു ശേഷം മേയർ പദവി സി.പി.എം വച്ചു മാറാമെന്നായിരുന്നു ധാരണ. പക്ഷേ ധാരണ നടപ്പാക്കാനായില്ല.
സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉയർത്തി. തൃശൂർ ജില്ലയിൽ ചില നേതാക്കൾ പണത്തിന് പിന്നാലെ പോകുന്നു. പാർട്ടിയിലെ പല ഘടകങ്ങളിലും തെറ്റായ പ്രവണതകളുണ്ട്. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജില്ലയിൽ സജീവമല്ല. താഴെത്തട്ടിൽ ഡി.വൈ.എഫ്.ഐ പോലും പ്രവർത്തിക്കുന്നില്ല. എസ്.എഫ്.ഐയും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പ്രകടനവും സുരേഷ് ഗോപിയുടെ വിജയത്തിനിടയാക്കിയ സാഹചര്യങ്ങളും ചർച്ചകളിൽ ഉയർന്നു വരും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും ചൂടു പിടിപ്പിക്കും. കരുവന്നൂർ തട്ടിപ്പ് പുറത്തു വന്നശേഷമായിരുന്നു 2022 ജനുവരിയിൽ സി.പി.എം ജില്ലാ സമ്മേളനം നടന്നത്. 3 വർഷം പിന്നിട്ടെങ്കിലും കരുവന്നൂർ സൃഷ്ടിച്ച മുറിവ് ഉണങ്ങിയിട്ടില്ല. പൊലീസിനെതിരെയും നേതാക്കൾക്ക് വിമർശനമുണ്ട്.
കോൺഗ്രസുമായി കൂട്ടുകെട്ട്
ആഗ്രഹിക്കുന്നില്ല: ഗോവിന്ദൻ
തൃശൂർ: കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് സി.പി.എം ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 2026ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് 100ലേറെ സീറ്റ് കിട്ടും. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 കൊല്ലം കൂടി കഴിയുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടും. വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണ് നവകേരള സൃഷ്ടികൊണ്ട് ഉദ്ദേശിക്കുന്നത്.
ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയത് കാേൺഗ്രസിന്റെ ചെലവിലാണ്. കോൺഗ്രസിന്റെ ആറ് ശതമാനം കൂടി ചേർന്നാൽ ഡൽഹിയിൽ 50 ശതമാനം വോട്ടായിരിക്കും ബി.ജെ.പി വിരുദ്ധചേരിക്ക്. കേജ്രിവാൾ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് പറഞ്ഞ് നടക്കുകയായിരുന്നു രാഹുൽഗാന്ധി. കുറെ പഠിക്കാനുണ്ടെന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്. എന്തു പഠിക്കാനാണ്. ലളിതമായി പഠിക്കൂ. കോൺഗ്രസ് ചെലവിലാണ് തൃശൂരിലും ബി.ജെ.പി എം.പി ഉണ്ടായത്. തൃശൂരിലെ കോൺഗ്രസിൽ അതിഗുരുതര സ്ഥിതിയാണ്.
'എ.ഐ: സമരങ്ങൾ ശക്തിപ്പെടും'
എ.ഐ ഉപയോഗിക്കുമ്പോൾ കുത്തക മുതലാളിത്തത്തിന്റെ ലാഭവും മിച്ചമൂല്യവിഹിതവും കൂടുമെന്നും എം.വി.ഗോവിന്ദൻ. പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴിൽ നഷ്ടപ്പെടും. ഉത്പാദനോപാധികളെല്ലാം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടും. പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരും.
ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവരാണ് സനാതന ധർമത്തിന്റെ വക്താക്കൾ എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സംഭവിക്കുന്ന ഭവിഷ്യത്തുകൾ നേരിടാൻ തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |