ബംഗളൂരു: അത്യാധുനിക ആയുധങ്ങൾ ലോകരാജ്യങ്ങൾക്ക് വിൽക്കുന്ന ഫ്രാൻസ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാകാ റോക്കറ്റ് ലോഞ്ചർ വാങ്ങും. പാരീസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ കരാറിന് സാദ്ധ്യത.
ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഫ്രാൻസ്. നമ്മളിൽ നിന്ന് അവർ ആയുധങ്ങൾ വാങ്ങുന്നത് ആദ്യമായാണ്.
ഫ്രാൻസിൽ നിന്ന് നാവികസേനയ്‌ക്കായി 26 റാഫേൽ-എം (റാഫേൽ മറൈൻ) യുദ്ധവിമാനങ്ങൾ, മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾ എന്നിവ ഇന്ത്യ വാങ്ങുന്നുണ്ട്.
മൂന്ന് മാസം മുമ്പ് ഫ്രഞ്ച് പ്രതിനിധി സംഘം നാഗ്‌പൂർ ഫാക്‌ടറിയിലെത്തി പിനാകയുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു. ഇടപാടിനായി സജീവ ചർച്ച പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഡി.ഒ (മിസൈൽ വിഭാഗം) ഡയറക്ടർ ജനറൽ ഉമ്മലനേനി രാജ ബാബു പറഞ്ഞു. ഡി.ആർ.ഡി.ഒയാണ് ഇത് വികസിപ്പിച്ചത്.
പൾസിനെ തള്ളി പിനാക
കുറഞ്ഞ വിലയും (ഒരു റെജിമെന്റിന് 430 കോടി) കിറുകൃത്യ പ്രഹരശേഷിയുമാണ് ഫ്രാൻസിനെ ആകർഷിച്ചത്. ഇസ്രയേലിന്റെ പൾസ് (പ്രിസൈസ് ആൻഡ് യൂണിവേഴ്സൽ ലോഞ്ചിംഗ് സിസ്റ്റം) മൾട്ടി-കാലിബർ റോക്കറ്റ് സംവിധാനമാണ് ഫ്രാൻസ് ആദ്യം പരിഗണിച്ചതെങ്കിലും ഗാസാ യുദ്ധത്തോടെ തീരുമാനം മാറ്റുകയായിരുന്നു. അർമേനിയ 2000 കോടി രൂപയ്‌ക്ക് നാല് പിനാക റോക്കറ്റ് ബാറ്ററികൾ വാങ്ങി. ഇന്തോനേഷ്യ, നൈജീരിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
44 സെക്കൻഡിൽ പായും
12 മിസൈലുകൾ
# പരിഷ്‌കരിച്ച പിനാക റോക്കറ്റ് (മാർക്ക് 2) സംവിധാനം ഉപയോഗിച്ച് 75 കിലോ മീറ്റർ അകലെയുള്ള ശത്രുകേന്ദ്രത്തിലേക്ക് മിസൈൽ പായിക്കാം. പ്രഹരശേഷിയിൽ കരുത്തൻ. കാർഗിൽ യുദ്ധത്തിൽ കരുത്ത് തെളിയിച്ചു
# ഒരു ലോഞ്ചറിൽ 12 മിസൈലുകൾ, ഒരു ബാറ്ററിയിൽ 6 ലോഞ്ചറുകൾ.44 സെക്കൻഡിൽ 12 മിസൈലുകൾ തൊടുക്കും. പ്രവർത്തനം ഫയർ കൺട്രോൾ കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽ. സ്റ്റാൻഡ് എലോൺ മോഡ്, റിമോട്ട് മോഡ്, മാനുവൽ മോഡ് തുടങ്ങിയ രീതിയിലും ഉപയോഗിക്കാം.
# 120 കിലോ മീറ്റർ ദൂരപരിധിയുള്ള പരിഷ്കരിച്ച പതിപ്പ് നിർമ്മാണഘട്ടത്തിൽ. മാർക്ക്1 (40കി.മീ), മാർക്ക്2 (75കി.മീ) എന്നിവയാണ് നിലവിലുള്ളത്.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി
ഇന്ത്യ 100-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നു. 2029ൽ പ്രതിരോധ കയറ്റുമതി വഴി 50,000 കോടി രൂപ ലക്ഷ്യം.
യുദ്ധ വിമാനങ്ങളുടെ ഘടകങ്ങൾ അടക്കം 50%വും യുഎസ്എയിലേക്കാണ്.
ഫിലിപ്പീൻസുമായി ബ്രഹ്മോസ് മിസൈൽ കരാർ
ഇസ്രായേൽ ചെറിയ ആയുധങ്ങളും ഡ്രോൺ ഭാഗങ്ങളും വാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |