ട്രംപ് ആശങ്കയിൽ പവൻ വില 64,080 രൂപ
കൊച്ചി: ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള വിപണികളെ മുൾമുനയിലാക്കിയതോടെ സ്വർണ വില റെക്കാഡുകൾ ഭേദിച്ച് കുതിക്കുന്നു. കേരളത്തിൽ ഇന്നലെ പവൻ വില 240 രൂപ വർദ്ധിച്ച് 64,080 രൂപയിലെത്തി. ഗ്രാമിന്റെ വില 30 രൂപ ഉയർന്ന് 8,010 രൂപയായി. ഇന്നലെ രാവിലെ പവൻ വില 64,480 രൂപയായി നിശ്ചയിച്ചിരുന്നുവെങ്കിലും രൂപയുടെ മൂല്യമുയർന്നതോടെ വില കുറച്ചു. 24 കാരറ്റ് സ്വർണക്കട്ടിയുടെ വില കിലോഗ്രാമിന് 90 ലക്ഷം രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) 2,942 ഡോളറിലേക്ക് ഉയർന്നു. ഒരു മാസത്തിനിടെ ഔൺസിന്റെ വില 300 ഡോളറാണ് കൂടിയത്.
ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് 70,000 രൂപയ്ക്കടുത്താകും
വിലക്കുതിപ്പിന് പിന്നിൽ
1. ട്രംപിന്റെ തീരുവ യുദ്ധം സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് കൂട്ടുന്നു
2. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നു
3. ഡോളറിന് ബദലായ ആഗോള നാണയമായി സ്വർണം മാറുന്നു
4. ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങികൂട്ടുന്നു
സ്വർണ വിലയിൽ സമീപ ഭാവിയിൽ വലിയ തിരുത്തലുണ്ടാകുമെന്നാണ് മുൻകാലങ്ങളിലെ ചലനങ്ങൾ നൽകുന്ന സൂചന. ഏത് വിപണിയിലും ലാഭമെടുപ്പ് ഉറപ്പാണ്
അഡ്വ. എസ് അബ്ദുൽ നാസർ
ജനറൽ സെക്രട്ടറി
എ.കെ.ജി.എസ്.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |