കോഴിക്കോട്: പുസ്തകങ്ങളിൽ ഇലകൾ സൂക്ഷിച്ചുവയ്ക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് കണ്ടാണ് ഒന്നാം ക്ലാസുകാരി ദേവികയ്ക്ക് പരിസ്ഥിതി ദിനത്തിൽ മിച്ചംവന്ന പതിനാറ് തൈകൾ അദ്ധ്യാപകർ നൽകിയത്. അതുമായി തെരുവിലേക്ക് ഇറങ്ങിയ ദേവിക ഇതുവരെ നാടാകെ നട്ടുപിടിപ്പിച്ചത് അഞ്ഞൂറിലേറെ മരങ്ങൾ.
ഒന്നാംക്ളാസിൽ തുടങ്ങിയ ദൗത്യമാണ് മൂന്നാം ക്ളാസിലെത്തിയപ്പോൾ അഞ്ഞൂറ് തികച്ചത്. ആയിരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.അതുകഴിഞ്ഞും തുടരും.
സ്കൂളിൽ നിന്നു കിട്ടിയ തൈകൾ വഴിയോരങ്ങളിൽ തഴച്ചുവളരുമ്പാേൾ,അവയെ താലോലിക്കാനും പരിപാലിക്കാനും എത്തും.
പിന്തുണയുമായി പ്രകൃതി സ്നേഹികൾ എത്തിയതോടെ, ആ കുഞ്ഞുകൈകൾ മറ്റുജില്ലകളിലേക്കും എത്തി. കോഴിക്കോടും കടന്ന് പാലക്കാടും പത്തനംതിട്ടയും ആലപ്പുഴയും അവൾ നട്ട തൈകൾ മരങ്ങളാകാൻ വളരുകയാണ്.
പാതയോരങ്ങളിൽ മാത്രമല്ല, പൊലീസ് സ്റ്റേഷൻ, ദേവാലയം, സർക്കാർ സ്ഥാപനം തുടങ്ങിയവയുടെ പരിസരങ്ങളിലും ദേവിക നട്ട തൈകളുണ്ട്.1000 ത്തിലധികം തെെകൾ പലർക്കുമായി നൽകിയിട്ടുമുണ്ട്.
കോഴിക്കോട് നഗരത്തിൽ മാത്രം 100 ലധികം മരങ്ങൾ നട്ടു.
അച്ഛൻ ദീപകാണ് ദേവികയുടെ കൂടെ തെെകൾ നടാൻ പോകുന്നത്.അമ്മ സിൻസിയും, അനിയൻ നിലനും കൂട്ടായുണ്ട്. വീട്ടിലും പരിസരത്തുമായി പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്
ശോഭീന്ദ്രൻ മാഷിന്റെ പിൻഗാമിയാവണം
# പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രനാണ് ഏറ്റവുമധികം പ്രോത്സാഹനം നൽകിയത്. സീറോ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയായ നിറവിന്റെ ഡയറക്ടർ ബാബു പറമ്പത്തും പിന്തുണയുമായി ഒപ്പമുണ്ട്.
ആരാകണം എന്ന ചോദ്യത്തിന് ദേവികയ്ക്ക് ഒരുത്തരമേയുള്ളൂ, എനിക്ക് ശോഭീന്ദ്രൻ മാഷിനെപ്പോലെ ആവണം. പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിക്ക് കാവലായി ജീവിക്കണം. അതേസമയം, ഡാൻസും, കരാട്ടെയുമെല്ലാം അഭ്യസിക്കുന്നുമുണ്ട്.
# മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയ്ക്കാണ് സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ വനമിത്ര അവാർഡ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനമിത്ര ജേതാവാണ് ഈ ഒൻപതുവയസുകാരി.
# ആദ്യമായി തെെ നട്ടത് മലാപ്പറമ്പ് പ്രൊവിഡൻസ് കോളേജ് പരിസരത്തായിരുന്നു. 1500ൽ പരം വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകൾ വീട്ടിൽ ശേഖരിച്ചിട്ടുണ്ട്. മുളപ്പിച്ചെടുക്കാൻ 5000 ത്തിൽ പരം വിത്തിനങ്ങളും ശേഖരത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |