ആലപ്പുഴ: കയർ ബോർഡിലെ തൊഴിൽ പീഡനത്തിനെതിരെ പരാതി നൽകിയ ജോളി മധു മരിക്കുന്നതിന് മുൻപ് എഴുതിയ കത്തും ശബ്ദസന്ദേശവും പുറത്തുവന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ പ്രതികാര നടപടി നേരിടേണ്ടിവന്നെന്നാണ് ശബ്ദസന്ദേശത്തിൽ ജോളി വെളിപ്പെടുത്തിയിരിക്കുന്നത്. ജോളിയുടെ കുടുംബത്തിന്റെ പരാതി ഗൗരവകരമാണെന്നാണ് കയർ ബോർഡ് മുൻചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞത്.
ക്യാൻസർ അതിജീവിതയായിരുന്ന ജോളി തലച്ചേറിലെ രക്തസ്രാവത്തെ തുടർന്ന് അടുത്തിടെയാണ് മരിച്ചത്. ഇതോടെയാണ് കയർ ബോർഡിനെതിരെ കുടുംബം രംഗത്തെത്തിയത്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ജോളി മാനസിക പീഡന നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായെന്നാണ് ജോളി പറഞ്ഞത്. കയർ ബോർഡ് ചെയർമാൻ വിപുൽ ഗോയൽ, മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ജോളി ഗുരുതര ആരോപണം നടത്തിയിരിക്കുന്നത്. ഉപദ്രവിക്കരുതെന്നും കരുണ കാണിക്കണമെന്നും കത്തിൽ കുറിക്കുന്നതിനിടെയാണ് തലച്ചോറിലെ രക്തസ്രാവം മൂലം ജോളി കുഴഞ്ഞു വീണതെന്ന് കുടുംബം പറയുന്നു. സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി കുറിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |