മൂവാറ്റുപുഴ: കാർ പാർക്ക് ചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ചേർത്തല ചിറ്റേഴത്തുവേലി ഷഫീഖാണ് (45) അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30ഓടെ മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലായിരുന്നു സംഭവം. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരായ പുനലൂർ സ്വദേശി സനിൽകുമാർ, വയനാട് സ്വദേശി വി.കെ. അനീഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ചികിത്സയ്ക്കായാണ് ഷഫീഖ് കാറിൽ എത്തിയത്. പ്രവേശന കവാടത്തിനുസമീപം കാർ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ സെക്യൂരിറ്റിക്കാർ സമീപത്തുതന്നെയുള്ള മറ്റൊരുസ്ഥലത്ത് പാർക്ക് ചെയ്യാൻ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. മറ്റൊരു പാർക്കിംഗ് ഏരിയയിലേക്കു വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർ പരാതി നൽകിയതിനെത്തുടർന്നെത്തിയ പൊലീസ് ഷഫീക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനുമുമ്പും പാർക്കിംഗിനെ ചൊല്ലി സെക്യൂരിറ്റിക്കാരെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. സബൈൻ ശിവദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |