തൊടിയൂർ: കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇടക്കുളങ്ങര തീപ്പെട്ടി കമ്പനി ജംഗ്ഷനിൽ കാൽനട യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ ഓടിച്ചു പോയ ഓട്ടോറിക്ഷ കരുനാഗപ്പള്ളി പൊലീസ് ആടൂരിന് സമീപം നെല്ലിമുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. മരുതൂർകുളങ്ങര സ്വദേശിയായ വിനോദാണ് ഓട്ടോ ഓടിച്ചിരുന്നത്. തൊടിയൂർ വേങ്ങറയിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദ് നെല്ലിമുകളിലെ ഭാര്യ വീട്ടിലേക്കാണ് ഓട്ടോ ഓടിച്ചു പോയത്. നാൽപ്പതിൽപ്പരം സി.സി.ടി.വികൾ പരിശോധിച്ചാണ് കരുനാഗപ്പള്ളി പൊലീസ് നെല്ലിമുകളിൽ എത്തി ഓട്ടോ കസ്റ്റഡിയിലെടുത്തത്.പൊലീസ് എത്തിയപ്പോൾ വിനോദ് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
ഇടക്കുളങ്ങര കൃഷ്ണകൃപയിൽ ജ്ഞാനദാസ് (റിട്ട.മിലിട്ടറി, ഡിഫൻസ് ഷോപ്പി ഇടക്കുളങ്ങര, പി.ആർ.ഒ.സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി, ഇടക്കുളങ്ങര) ഭാര്യ അജിത എന്നിവരെയാണ് സ്വന്തം വീടിന് മുന്നിൽവച്ച് അമിത വേഗത്തിൽ പാഞ്ഞു വന്ന ഓട്ടോ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ജ്ഞാനദാസ് ചൊവ്വാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പട്ടു. ഭാര്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടടുത്തു താമസിക്കുന്ന മകൾ ഡോ. കൗസ്തു എൻ.ദാസിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. എസ്.എച്ച്.ഒ.ബിനു, എസ്.ഐമാരായ ഷെമീർ, കണ്ണൻ, അബീഷ്, റഹിം, എസ്.സി.പി.ഒമാരായ രാജീവ് കുമാർ, ഹാഷിം, ബഷീർ ഖാൻ എന്നിവരുൾപ്പെട്ട സംഘമാണ് ഓട്ടോ പിടിച്ചെടുത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |