SignIn
Kerala Kaumudi Online
Sunday, 23 March 2025 10.26 PM IST

കൊല്ലം ചാത്തന്നൂരിൽ നടന്നത് നാളെ നമ്മുടെ വീട്ടിലും സംഭവിക്കാം ശ്രദ്ധിക്കുക

Increase Font Size Decrease Font Size Print Page
manhole

കൊല്ലം ചാത്തന്നൂരിൽ വനിതാ ഹോസ്‌റ്റലിന്റെ മൂന്നാം നിലയിലെ മാൻഹോളിന്റെ മൂടി തകർന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. തൃശ്ശൂർ തോളൂർ പള്ളാട്ടിൽ മനോജിന്റെയും ശർമിളയുടെയും മകൾ പി.എം.മനീഷ (26)യാണ് മരിച്ചത്. മനീഷയ്‌ക്കൊപ്പം മാൻഹോളിൽ വീണ കണ്ണൂർ സ്വദേശി സ്വാതി സത്യൻ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും മാൻഹോളിന്റെ മേൽമൂടിക്കു മുകളിലിരുന്നു. പെട്ടെന്ന് മേൽമൂടിതകർന്ന് മനീഷയും സ്വാതിയും താഴേക്ക് പതിക്കുകയായിരുന്നു. മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോൺക്രീറ്റ് പാളികൾ പതിക്കുകയായിരുന്നു.

സംഭവത്തിൽ സാങ്കേതികമായി സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ആർക്കിടെക്‌ട് സുരേഷ് മഠത്തിൽ വളപ്പിൽ. കൃത്യമായ അന്വേഷണം നടന്നില്ലെങ്കിൽ കേരളത്തിൽ പലയിടത്തും ഇതേ സംഭവം ആവർത്തിക്കാമെന്നും സുരേഷ് പറയുന്നു.

സുരേഷ് മഠത്തിൽവളപ്പിൽ എഴുതിയത്-

" വൈദ്യുത ഗമനാഗമന യന്ത്രം " എന്നാണ് ഒരു സാദാ ഇലക്ട്രിക് സ്വിച്ചിന്റെ മലയാളം വാക്ക് എന്ന് കേട്ടിട്ടുണ്ടെങ്കിലും " ആൾ തുള " എന്നാണു മാൻഹോളിന്റെ മലയാളം വാക്ക് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ ദിവസത്തെ പത്രം വായിക്കേണ്ടി വന്നു.

കാര്യം ഇങ്ങനെയാണ്, അൽപ്പം ഗൗരവമുള്ളതാണ്.

കൊല്ലം ചാത്തന്നൂരിൽ ഒരു വനിതാ ഹോസ്റ്റലിന്റെ മൂന്നാം നിലയിലോ മറ്റോ ഉള്ള, മലയാളത്തിൽ ആൾ തുള എന്ന് പേരുള്ള മാൻ ഹോളിന്റെ മൂടി തകർന്നുവീണ് ഒരു യുവതി മരണപ്പെട്ടു, രണ്ടുപേരോ മറ്റോ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ട്. ദാരുണമായ സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു, പത്രവാർത്തകൾ ശരിയെങ്കിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് പൊലീസിന്റെ വഴിക്കു പോവട്ടെ, എന്നാൽ ഇതേക്കുറിച്ചു ഒരു സാങ്കേതിക അന്വേഷണം നടക്കുമോ ..?

നടക്കില്ല എന്നാണ് എന്റെ അനുമാനം, മൂന്നു പെൺകുട്ടികൾ കയറിയിരിക്കുമ്പോഴേക്കും തകർന്നു പോയ ഒരു മാൻഹോൾ കവർ സ്ളാബ് ഉണ്ടാക്കിയ കോൺട്രാക്ടറുടെ പൂർവികരെ എല്ലാവരും സ്മരിക്കും, കൂടെ അയാളെ കുറെ തെറിവിളിക്കും, വീട്ടിൽ പോവും. അത്രമാത്രമേ സംഭവിക്കാറുള്ളൂ, ഇവിടെയും അതേ സംഭവിക്കൂ.

എന്നാൽ അങ്ങ് ദുഫായിയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു എൻജിനീയറിങ് അപകടം സംഭവിച്ചാൽ പൊലീസ് അന്വേഷണത്തോടൊപ്പം സാങ്കേതിക തലത്തിൽ ഉള്ള ഒരു അന്വേഷണം നടക്കും, അത് ചുമ്മാ പണിയില്ലാതെ വീട്ടിലിരിക്കുന്ന റിട്ടയേഡ് ജഡ്ജിമാരെ വച്ചല്ല, അതാത് മേഖലയിലെ വിദഗ്‌ദ്ധരെ ഉൾപ്പെടുത്തിയാണ് ചെയ്യാറ്. ദുഫായിയിൽ മാത്രമല്ല, വികസിത ലോകത്ത്‌ ഒട്ടു മിക്കയിടത്തും കാര്യങ്ങൾ അങ്ങനെയാണ്.

എങ്കിലും, ഇതിന്റെ പിന്നിലുള്ള സാങ്കേതിക കാരണം അന്വേഷിക്കേണ്ടത് സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ് എന്നാണ് എന്റെ ഒരു നിരീക്ഷണം. കാരണം, നാളെ ഇതേ പ്രശ്നം നിങ്ങളുടെയോ, എന്റെയോ വീട്ടിൽ ഉണ്ടാവാം.

ഒരു സാങ്കതിക വിഷയം ഉണ്ടാകുമ്പോൾ അതേക്കുറിച്ച് കൂടുതൽ അറിയാതെ പ്രതികരിക്കരുത് എന്നാണ് ഒരു പ്രൊഫഷണൽ മര്യാദ, എങ്കിലും ഈ ദുരന്തത്തിന് കാരണമായിരുന്നിരിക്കാൻ സാദ്ധ്യതയുള്ള ഒരു വിഷയമാണ് ഇനി ഞാൻ ചർച്ച ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത സംഭവത്തിനു പിന്നിലുള്ള കാരണം ഇതാണ് എന്ന് അർത്ഥമില്ല, കാരണമാകാൻ സാദ്ധ്യതയുള്ള പല വിഷയങ്ങളിൽ ഒന്ന് എന്നേ അർത്ഥമാക്കേണ്ടതുള്ളൂ.

ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുകളിൽ ഇരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന പെൺകുട്ടികളിൽ മൂന്നു പേർ അവിടെ കണ്ട ഏതാണ്ടൊരു മേശയുടെ വലിപ്പമുള്ള മാൻഹോൾ കവറിനു മുകളിൽ കയറിയിരിക്കുന്നു, കവർ സ്ളാബ് പൊട്ടുന്നു, കുട്ടികൾ ദ്വാരത്തിലൂടെ താഴോട്ടു വീഴുന്നു , താഴെ വീണ കുട്ടികളുടെ ദേഹത്തേക്ക് സ്ളാബിന്റെ ഭാഗങ്ങൾ പതിക്കുന്നു. ഇതാണ് സംഭവിച്ചിരിക്കാൻ സാദ്ധ്യത. നമ്മുടെ മുന്നിൽ ഉള്ള ചോദ്യങ്ങൾ രണ്ടാണ്.

ഒന്ന് - മൂന്ന് കുട്ടികൾ കയറി ഇരിക്കുമ്പോഴേക്കും പൊട്ടിപ്പോകാവുന്ന ഒന്നാണോ ഒരു കോൺക്രീറ്റ് സ്ളാബ് ..?

രണ്ട് - ദേഹത്തേക്ക് അടർന്നു വീണ ഒരു കോൺക്രീറ്റിന്റെ കഷ്‌ണം മരണകാരണമാകുമോ ..?

ആദ്യം നമുക്ക് രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കാം, അതിനായി ഞാൻ എന്റെ സുഹൃത്തായിരുന്ന ഒരു യൂറോപ്പ്യൻ എൻജിനീയർ വർഷങ്ങൾക്ക് മുൻപ് എന്നെ കാണിച്ച ഒരു എക്സറേയെ കുറിച്ച് പറയാം. അതൊരു തലയുടെ എക്സ് റേ ആയിരുന്നു. തലയോട്ടിക്കുള്ളിലേക്ക്‌ ഏതാനും സെന്റീമീറ്റർ തുളഞ്ഞു കയറിയ ഒരു കരിങ്കൽ ചീളിന്റെ ചിത്രം ഉൾക്കൊള്ളുന്നതായിരുന്നു ആ എക്സ് റേ.

എന്നുവച്ചാൽ മൂന്നോ നാലോ നില ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്ന കേവലം രണ്ട് സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ഒരു കരിങ്കൽ ചീളിനു പോലും നിങ്ങളുടെ തലയോട്ടിയിൽ തുളച്ചു കയറാം, മരണത്തിനു കാരണമാകാം. കോൺക്രീറ്റ് നടക്കുന്ന കെട്ടിടത്തിന്റെ താഴെ പോയി ചുമ്മാ മേൽപ്പോട്ടു നോക്കി നിൽക്കരുത് എന്ന് എൻജിനീയർമാർ പറയുന്നതിന്റെ കാരണം ഇതാണ്, സൈറ്റുകളിൽ സേഫ്റ്റി ഹെൽമെറ്റ്‌ വെക്കാതെ ഒരാളെയും പ്രവേശിപ്പിക്കരുത് എന്ന് പറയുന്നതിന്റെയും കാരണം ഇതാണ്.

ഒരു ചെറിയ കരിങ്കൽ ചീളിന് ഇത്രയധികം നാശനഷ്ടം ഉണ്ടാക്കാൻ കഴിയും എങ്കിൽ ഇവിടെ ഒരു സ്ളാബിന്റെ കഷണങ്ങളുടെ പ്രഹരശേഷി എത്ര ആയിരിക്കും എന്ന് നിങ്ങൾ ഊഹിച്ചാൽ മതി. ഇനി നമുക്ക് ആദ്യത്തേതും മുഖ്യമായതുമായ ചോദ്യത്തിലേക്ക് വരാം.

മൂന്നു കുട്ടികൾ ഒരുമിച്ചു കയറിയിരുന്നാൽ പൊട്ടിപ്പോകാവുന്ന ഒന്നാണോ ഒരു കോൺക്രീറ്റ് സ്ളാബ് ..? സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്ങിന്റെ കേവല തത്വങ്ങൾ അറിയുന്ന ഒരാൾ എന്ന നിലക്കും, ഈ മേഖലയിൽ കാൽ നൂറ്റാണ്ടിലധികം പ്രവർത്തന പരിചയമുള്ള ഒരു വ്യക്തി എന്ന നിലക്കും ഞാൻ പറയുന്നു, മൂന്നു കുട്ടികൾ വേണ്ട, കേവലം ഒരു കുട്ടി കയറി ഇരുന്നാൽ പോലും പൊട്ടിപ്പോകാവുന്ന ഒന്നാണ് കോൺക്രീറ്റ് സ്ളാബ്. തള്ളിയതല്ല, സത്യമാണ്.

എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനായി ചില അടിസ്ഥാന എൻജിനീയറിങ് സിദ്ധാന്തങ്ങൾ നാം മനസ്സിലാക്കണം. അതായത് കോൺക്രീറ്റ് എന്ന സാധനം, സമ്മർദ്ദ ബലത്തെ പ്രതിരോധിക്കാൻ ബഹുകേമൻ ആണെങ്കിലും, വലിവ് ബലം അഥവാ ടെൻഷൻ നേരിടുന്ന കാര്യത്തിൽ അമ്പേ പരാജയമാണ്.

കോൺക്രീറ്റിന്റെ ഈ ന്യൂനത പരിഹരിക്കാൻ വേണ്ടിയാണ് അതിൽ കമ്പി ചേർക്കുന്നത്. അതായത്, ഒരു കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ സമ്മർദ്ദ ബലം ഉണ്ടാവുന്നു, എവിടെയെല്ലാം ടെൻഷൻ അഥവാ വലിവ് ബലം ഉണ്ടാകുന്നു എന്ന് ഒരു സ്ട്രക്ച്ചറൽ എൻജിനീയർ നിർണ്ണയിക്കുന്നു, ടെൻഷൻ വരുന്ന ഇടങ്ങളിൽ കമ്പി കൊടുക്കുന്നു. ഇതാണ് അതിന്റെ ഒരു രീതി.

ഇങ്ങനെ കണക്കാക്കുന്ന ടെൻഷന്റെയോ, കംപ്രഷന്റെയോ ഒക്കെ സ്ഥാനമോ, അളവോ തെറ്റുമ്പോളാണ് സ്ളാബ് പൊട്ടി, ബീം വളഞ്ഞു, തൂണിൽ ക്രാക്ക് രൂപപ്പെട്ടു എന്നൊക്കെ നാം പറയുന്നത്. ഇങ്ങനെ ഒരിടത്തു സംഭവിക്കുന്ന ഒരു ചെറിയ തെറ്റ് പോലും ഒരു കെട്ടിടത്തിന്റെ മൊത്തം തകർച്ചക്ക് കാരണമാകാം. ഇതൊന്നും അറിയാതെ നമ്മൾ പതിവുപോലെ കോൺട്രാക്ടറുടെ പിതൃക്കളെ സ്മരിക്കും, വീട്ടിൽ പോകും.

ഇനി നമുക്ക് അപകടകാരണമായ മാൻഹോൾ കവർ സ്ളാബിലേക്കു വരാം. സാധാരണയായി ഇത്തരം കവർ സ്ളാബുകളുടെ അടിഭാഗത്താണ് ടെൻഷൻ രൂപപ്പെടുന്നത്. സ്ളാബുകളുടെ അടിവശത്ത് കമ്പി കെട്ടുന്നതും ഇതേ കാരണം കൊണ്ടാണ്. ഇനിയങ്ങോട്ട് ഞാൻ പറയുന്നത് നകുലൻ ശ്രദ്ധിച്ചു കേൾക്കണം.

ഒട്ടു മിക്ക കേസുകളിലും മാൻഹോളുകൾ, സെപ്റ്റിക് ടാങ്ക് കവർ സ്ളാബുകൾ എന്നിവയൊക്കെ മൂടാനുള്ള സ്ളാബുകൾ പുറമെ വച്ച് വാർത്ത്, പിന്നീട് മാൻഹോളിന്റെയോ, സെപ്റ്റിക് ടാങ്കിന്റെയോ ഒക്കെ മുകളിലേക്ക് കയറ്റി വെക്കുകയാണ് പതിവ്. ഇവിടെയാണ് മാടമ്പള്ളിയിലെ ചിത്തരോഗി ഒളിഞ്ഞിരിക്കുന്നത്.

നിർമ്മാണ വേളയിൽ സ്ളാബിന്റെ അടിഭാഗത്താണ് കമ്പി കെട്ടുന്നത്. എന്നാൽ പ്രസ്തുത സ്ളാബ് മാൻ ഹോളിന്റെയോ, സെപ്റ്റിക് ടാങ്കിന്റെയോ ഒക്കെ മുകളിലേക്ക് കയറ്റി വെക്കുന്നതിനിടയിൽ പലപ്പോഴും ആ അടിഭാഗം മുകളിലേക്ക് വന്നിട്ടുണ്ടാകും. അതായത് ചട്ടിയിൽ ചപ്പാത്തി മറിച്ചിടുന്നപോലെ അടിഭാഗം മുകളിൽ എത്തിയിട്ടുണ്ടാകും എന്നർത്ഥം. എല്ലാ കേസിലും ഇങ്ങനെ സംഭവിക്കണം എന്നില്ല, എന്നാൽ അറിവില്ലായ്മ മൂലമോ അശ്രദ്ധ മൂലമോ ഇതുണ്ടാവാറുണ്ട്. എത്രയോ കേസുകൾ ഞാൻ തന്നെ കണ്ടിട്ടുണ്ട്.

ഇങ്ങനെ സംഭവിക്കുന്നതോടെ പ്രസ്തുത സ്ളാബിന്റെ സ്ട്രക്ച്ചറൽ സ്വഭാവം തന്നെ മാറുന്നു. ടെൻഷൻ വരുന്ന അടി ഭാഗത്തു നിൽക്കേണ്ട കമ്പി മുകളിൽ എത്തുന്നു, തന്മൂലം അടിഭാഗത്തെ ടെൻഷൻ താങ്ങാൻ ആളില്ലാതെ വരുന്നു. ഇത്തരം കേസുകളിൽ പ്രത്യേകിച്ച് ഒരു ലോഡും ഇല്ലാതെ പോലും സ്ളാബ് പൊട്ടിപ്പോകാം. പച്ചക്കു പറഞ്ഞാൽ അടിവശത്ത് വരുന്ന രീതിയിൽ കമ്പി കെട്ടി വാർത്ത ഒരു സ്ളാബിനെ ദോശ മറിച്ചിടുന്ന പോലെ മറിച്ചിട്ട ശേഷം ഉപയോഗിച്ചാൽ കേവലം ദോശയുടെ ബലം പോലും അതിനുണ്ടാവില്ല എന്നർത്ഥം.

അല്ലാത്ത സ്ളാബുകൾ ഒരു ചതിക്കുഴി പോലെ ഇരകളെയും കാത്തിരിക്കുന്നു, ദുരന്തം നടന്ന കെട്ടിടത്തിൽ തന്നെ സമാന സ്വഭാവമുള്ള സ്ളാബുകൾ കണ്ടേക്കാം. നമ്മുടെ വീട്ടിലോ, നഗരത്തിലൂടെ നാം നടന്നു പോകുന്ന ഓടകൾക്കു മുകളിൽ ഇട്ടിരിക്കുന്ന സ്ളാബുകളിലോ ഈ പ്രശ്നം പതിയിരിക്കുന്നുണ്ടാവാം.

ഇത്തരം പ്രീ കാസ്റ് സ്ളാബുകളുടെ നിർമ്മാണ വേളയിൽ സ്ളാബുകളുടെ മുകൾ ഭാഗത്തു " ടോപ് " എന്ന് അടയാളപ്പെടുത്തുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ നല്ലതാണ്.അതുപോലെ എൻജിനീയർമാരും, ആർക്കിടെക്ടുകളും ഈ വിഷയത്തിൽ തങ്ങളുടെ മേസ്തിരിമാർക്കും, സൂപ്പർവൈസർമാർക്കും അവബോധം നൽകുന്നതും നല്ലതാണ്. കാരണം, സുരക്ഷ എന്നത് നിർമ്മാണ സംസ്കാരത്തിന്റെ നട്ടെല്ലാണ്, അത് മറന്നു പോകരുത്.

മരണപ്പെട്ട പെൺകുട്ടിക്ക് ആദരാഞ്ജലികൾ ...''

TAGS: KOLLAM CHATHANNUR, MANHOLE ACCIDENT, HOME, CONSTRUCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.