ഫാഷൻ ലോകത്ത് ട്രെൻഡുകൾ കണ്ണിമ ചിമ്മുന്ന നേരം കൊണ്ടാണ് മാറിമറിയുന്നത്. നല്ല കഴിവുള്ളവർക്ക് മാത്രമേ വെല്ലുവിളികൾ നിറഞ്ഞ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഈ മേഖലയിൽ തിളങ്ങുകയും സെലിബ്രിറ്റികളുടെ പ്രിയങ്കരിയായ സ്റ്റൈലിസ്റ്റായി മാറുകയും ചെയ്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിനി ആനു നോബി.
ഫാഷൻ സംരംഭകയും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ആനു നോബി തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്വറി റെഡിടുവെയർ ബ്രാൻഡായ 'ടു യു ( ToU)' വിന്റെ സ്ഥാപക കൂടിയാണ്. തന്റെ വിശേഷങ്ങൾ ആനു കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
കരിയർ തുടങ്ങിയത് ഒരു ദശാബ്ദം മുമ്പ്
ബ്രൈഡൽ, സെലിബ്രിറ്റി സ്റ്റൈലിസ്റ്റായി ഒരു ദശാബ്ദം മുമ്പാണ് എന്റെ യാത്ര ആരംഭിച്ചത്. ദക്ഷിണേന്ത്യൻ സിനിമാ മേഖലയും വിവാഹ ചടങ്ങുകളുമാണ് തട്ടകം. ഇതിനോടകം അയ്യായിരത്തിലധികം ബ്രൈഡ്സിനുവേണ്ടി സ്റ്റൈൽ ചെയ്തു. കൂടാതെ നൂറ്റമ്പതിലധികം സെലിബ്രിറ്റികൾക്കൊപ്പം പ്രവർത്തിക്കാനും സാധിച്ചു. ഇതുകൂടാതെ മാഗസിൻ കവറുകൾ, ടിവി ഷോകൾ, റെഡ്കാർപെറ്റ് അപിയറൻസ് എന്നിവയ്ക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
'ആൻഡെ' എന്ന ബൊട്ടിക്കിലൂടെയായിരുന്നു തുടക്കം. പിന്നീട് ടു യു ബൈ ആനു എന്ന ബ്രാൻഡിലേക്ക് എത്തി. ആഘോഷങ്ങളിലോ, ജീവിതത്തിലെ പുതിയ അദ്ധ്യായത്തിലേക്ക് കടക്കാൻ പോകുകയോ ചെയ്യുന്ന സ്ത്രീകള ആത്മവിശ്വാസമുള്ളവരും ഊർജസ്വലമുള്ളവരും ശക്തരുമാണെന്ന് തോന്നിപ്പിക്കുകയാണ് എന്റെ ജോലിയിലൂടെ ഞാൻ ലക്ഷ്യമിടുന്നത്. ഫാഷൻ എന്ന് പറയുന്നത് വെറും വസ്ത്രധാരണം മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. അത് എക്സ്പ്രഷനും ഐഡന്റിറ്റിയുമൊക്കെയാണ്.
സ്വപ്നം ബ്രാൻഡാക്കി
'ToU' എന്നത് എന്റെ സ്വപ്നമായിരുന്നു. അത് ബ്രാൻഡായി. 'To You' എന്ന ആശയത്തിൽ നിന്നാണ് ഈയൊരു പേര് കിട്ടിയത്. വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും വേണ്ടിയുമുള്ളതാണ് ഈ ബ്രാൻഡ്. തിരുവനന്തപുരത്തെ ലുലു മാളിലുള്ള ആദ്യ ഫ്രാഞ്ചൈസി ഒരു നാഴികക്കല്ലാണ്. ഒരു സിംഗിൾ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നാണ് ലക്ഷ്വറിയായ റെഡി ടു വെയർ ബ്രാൻഡിലേക്ക് എത്തിയത്. മോഡേൺ, ഫെസ്റ്റീവ് വസ്ത്രങ്ങളെല്ലാം ഇവിടെ ലഭിക്കുന്നു. സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ഓരോ സ്ഥലത്ത് കടന്നുചെല്ലാനും അവിടെ തിളങ്ങാനുമായിട്ടാണ് ഇവയെല്ലാം രൂപകൽപന ചെയ്തത്. ബ്ലേസർ കുർത്തികളും കോർപ്പറേറ്റ് ഗൗണുകളും മുതൽ ബനാറസി ഡ്രേപ്പ്, കോർസെറ്റ് ക്രോപ്പ് ടോപ്പുകൾ, പ്രീഡ്രേപ്പ്ഡ് സാരികൾ വരെ ഇവിടെ കിട്ടും. ബ്രാൻഡ് ലോകത്തിന്റെ നാനാഭാഗത്തേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
മറക്കാനാകാത്ത നിമിഷം
'ഡി ഫോർ ഡാൻസ്' സെറ്റിലെ ആദ്യ ദിവസമാണ് എന്റെ യാത്രയിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളിലൊന്ന്. ടെലിവിഷൻ നിർമ്മാണ ലോകത്ത് തികച്ചും പുതുമുഖമായ ഞാൻ സ്‌റ്റൈലിംഗ് കിറ്റുമായി നടന്നത് ഇപ്പോഴും ഓർക്കുന്നു. ലൈറ്റുകൾ മിന്നുന്നു, ചുറ്റും ക്യാമറകൾ, ഡാൻസേഴ്സ് പരിശീലനം നടത്തുന്നു. ആ ദിവസം എല്ലാം മാറ്റിമറിച്ചു.
സ്വപ്നങ്ങളും അഭിനിവേശവുമുള്ള ഒരു യുവ സ്‌റ്റൈലിസ്റ്റായി ഞാൻ അവിടെ പോയിരുന്നു. പക്ഷേ അത് ഒരു പുതിയ ലോകത്തേക്കുള്ള വാതിലുകൾ തുറക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. കലാകാരന്മാർ ഞാൻ സ്‌റ്റൈൽ ചെയ്ത വസ്ത്രങ്ങൾ ധരിച്ചു. എന്റെ ഡിസൈനുകൾ സ്‌ക്രീനിൽ തെളിഞ്ഞു. ഫാഷൻ എന്നാൽ വസ്ത്രങ്ങൾ മാത്രമല്ല, എനർജി, പെർഫോമൻസ്, സ്‌റ്റോറി ടെല്ലിംഗ് എന്നിവയൊക്കെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. ഈ സംഭവം എനിക്ക് ആത്മവിശ്വാസമേകി. അവിടെ നിന്നാണ് തുടങ്ങിയത്. ടെലിവിഷൻ സ്‌റ്റൈലിംഗിൽ നിന്ന് സെലിബ്രിറ്റികളിലേക്കും എന്റെ സ്വന്തം ബ്രാൻഡ് സ്ഥാപിക്കുന്നതിലേക്കും എത്തി.
150ലധികം സെലിബ്രിറ്റികൾ
'സിനിമ, ടെലിവിഷൻ, പ്രധാന അവാർഡ് ഷോകളിലായി 150ലധികം ദക്ഷിണേന്ത്യൻ സെലിബ്രിറ്റികൾക്കും പ്രമുഖർക്കും വേണ്ടി സ്‌റ്റൈലിംഗ് ചെയ്യാനും ഡിസൈൻ ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രിയാമണി, പേളി മാണി, ഉണ്ണി മുകുന്ദൻ, ലെന, മാളവിക വെയിൽസ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മിയ ജോർജ്, ഭാവന, അമല പോൾ, ഷംന കാസിം, സുരാജ് വെഞ്ഞാറമൂട്, മേനക സുരേഷ് കുമാർ, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ലക്ഷ്മി റായ്, സ്റ്റീഫൻ ദേവസി, പ്രാഞ്ചി തെഹ്ലാൻ അടക്കമുള്ളവർ ഇതിലുൾപ്പെടുന്നു.
മഴവിൽ മനോരമ, ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്, വനിതാ ഫിലിം അവാർഡ്സ്, സീ കേരളം, ഫ്ളവേഴ്സ് ടിവി, കൈരളി ടിവി, ഗൃഹലക്ഷ്മി, യുഎസ്ടി ഗ്ലോബൽ തുടങ്ങിയ പ്രമുഖ നെറ്റ്‌വർക്കുകളുമായും പരിപാടികളുമായും ഞാൻ സഹകരിച്ചിട്ടുണ്ട്.
ഗ്രേസ് ആന്റണിയെ ഗൃഹലക്ഷ്മി മാസികയുടെ കവറിനായി സ്റ്റൈൽ ചെയ്തു. സൂര്യ ഫെസ്റ്റിവലിനായി ലെനയുടെ ബനാറസി ലുക്ക് ഡിസൈൻ ചെയ്തു. ടെലിവിഷൻ അവതാരകർക്കും സിനിമാ പ്രമോഷനുകൾക്കും വേണ്ടി മനോഹരമായ സ്‌ക്രീൻ ലുക്കുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്.
സിനിമയ്ക്കുവേണ്ടി
ഈ വർഷം തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന 'ഒരേ മുഖം'സിനിമയുടെ വസ്ത്രാലങ്കാരമാണ് എന്റെ കരിയറിലെ ഏറ്റവും ആവേശകരമായ നാഴികക്കല്ലുകളിൽ ഒന്ന്. ഒരു വസ്ത്രാലങ്കാരക എന്ന നിലയിൽ മുഖ്യധാരാ സിനിമയിലെ എന്റെ അരങ്ങേറ്റമാണിത്.
ഭാവി പദ്ധതികൾ
ബ്രാൻഡ് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്നതാണ് ഭാവി പദ്ധതികൾ. തിരുവനന്തപുരത്തെ ലുലു മാളിൽ ഞങ്ങളുടെ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോറിൽ നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. ദുബായ്, ലണ്ടൻ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്ക് വൈകാതെ കടക്കും. നിലവിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡിജിറ്റൽ, ഇ - കൊമേഴ്സ് പ്ലാറ്റ്‌ഫോം കൂടി കെട്ടിപ്പെടുത്തുകയാണ്. ഞങ്ങളുടെ എക്സ്‌ക്ലൂസീവ് വസ്ത്രങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |