വില കൂടി വരുമ്പോൾ സ്വർണത്തെ നിക്ഷേപമായി കരുതുന്നവരുടെ മനസിൽ ലഡു പൊട്ടുകയാണ്. ഭൂരിഭാഗം മലയാളികളും സ്വർണം വാങ്ങുന്നത് ഒരു വെടിക്ക് രണ്ടുപക്ഷി എന്ന നിലയിലാണ്. അണിയാം, ആവശ്യത്തിന് വിറ്റ് കാശാക്കുകയും ചെയ്യാം. ഒരു ശരാശരി മലയാളി സ്ത്രീ ഏകദേശം പത്ത് ലക്ഷം രൂപയ്ക്കുള്ള സ്വർണവുമായാണ് നടപ്പ്. പുരുഷന്റെ ദേഹത്തും കാണും മാലയും മോതിരവുമൊക്കെയായി ചുരുങ്ങിയത് നാലു ലക്ഷം രൂപയ്ക്കുള്ള പൊന്ന്.
വീട്ടിലിരിക്കുന്ന സ്വർണം സൂക്ഷിക്കുന്നതിൽ മലയാളികൾ പുലിയാണ്. അരിക്കലത്തിലും പഴയ തുണിയിലും കേടായ തേപ്പുപെട്ടിക്കുള്ളിലുമൊക്കെ സൂക്ഷിച്ച് കള്ളന്മാരെ പറ്റിക്കും. പക്ഷേ ദേഹത്തുള്ള സ്വർണം ആരും കവരില്ല എന്ന ധൈര്യത്തിലാണ് നടപ്പ്. എന്നാൽ, സ്വർണത്തിന്റെ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ മോഷ്ടാക്കളുടെ മനസിലും ലഡുപൊട്ടുന്നില്ല എന്നാരുകണ്ടു. ലോക്കറിലും വീട്ടിലെ തേപ്പുപെട്ടിയിലുമൊക്കെ സ്വർണം ഒളിപ്പിക്കുന്നതുപോലെ ധരിച്ചു നടക്കുന്ന സ്വർണത്തിന് ഇൻഷ്വറൻസ് സംരക്ഷണം നേടുന്നതിനെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്.
300 രൂപയിൽ സംരക്ഷിക്കാം
1. ചുരുങ്ങിയ പ്രീമിയം നൽകിയാൽ സ്വർണം മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോകുകയോ നാശനഷ്ടം വരുകയോ ചെയ്താൽ അതിന്റെ മൂല്യം പണമായി നൽകുന്ന നിരവധി ഇൻഷ്വറൻസ് പോളിസികളുണ്ട്. എന്തെങ്കിലും ചടങ്ങിൽ വെച്ച് നിങ്ങളുടെ നെക്ലേസ് നഷ്ടപ്പെട്ടുപോയാൽ പോലും കവറേജ് ലഭിക്കാം.
2. ഇൻഷ്വർ ചെയ്യുന്ന സ്വർണത്തിന്റെ മൂല്യമനുസരിച്ചാണ് പ്രീമിയം നിരക്ക്. ഗൃഹോപകരണങ്ങൾക്കൊപ്പം സ്വർണം ഇൻഷ്വർ ചെയ്യാവുന്ന പോളിസികളും സ്വർണം മാത്രം ഇൻഷ്വർ ചെയ്യാവുന്ന പോളിസികളും ഉണ്ട്. ഗൃഹോപകരണങ്ങൾക്കൊപ്പം സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയുടെ സം അഷ്വർഡിന് 300 മുതൽ 500 രൂപവരെയാണ് ഏകദേശ പ്രീമിയം നിരക്ക്. ആഭരണങ്ങൾക്ക് മാത്രമായി ഇൻഷ്വറൻസ് നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയ്ക്ക് 400-600 രൂപ വരെ പ്രീമിയം വരും. 10 ലക്ഷം രൂപയുടെ സ്വർണത്തിന് ആറായിരം രൂപയുടെ വരെ പ്രീമിയം വന്നേക്കാം.
3. സ്വർണം ഇൻഷ്വർ ചെയ്യാമെന്ന് കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാം. പക്ഷേ പോളിസികളിലെ വിശദാംശങ്ങളും ഒഴിവാക്കലുകളും വ്യവസ്ഥകളും നന്നായി മനസിലാക്കിയില്ലെങ്കിൽ വെളുക്കാൻ തേച്ചത് വിനയാകും. മോഷ്ടിച്ചു എന്ന് തെളിയിക്കാനായില്ലെങ്കിലോ എവിടെയെങ്കിലും മറന്നുവെച്ചതിനു ശേഷം നഷ്ടപ്പെട്ടാലും ചില പോളിസികളിൽ കവറേജ് കിട്ടില്ല.
4. ചില ജുവലറികൾ സ്വർണം വാങ്ങുമ്പോൾ ഇൻഷ്വറൻസ് സംരക്ഷണം കൂടി നൽകാറുണ്ട്. അതിൽ ഏതൊക്കെ തരത്തിലുള്ള കവറേജ് ലഭ്യമാണ് എന്ന അറിഞ്ഞിരിക്കണം. ബില്ലുകളും ആഭരണങ്ങളുടെ ഫോട്ടോകളും എടുത്ത് സൂക്ഷിച്ചുവെയ്ക്കണം.
5.പോളിസി എടുക്കുമ്പോൾ ഓൾ റിസ്‌ക് ഓപ്ഷൻ സ്വീകരിക്കുന്നതാണ് നല്ലത്. പ്രീമിയം താരമ്യേന കൂടുതലായിരിക്കും. ഓർക്കുക വർഷാവർഷം പ്രീമിയം അടച്ച് പുതുക്കിയാലേ പോളിസി നിലനിന്നുപോകൂ. ഒരു വർഷം ആരും നിങ്ങളുടെ സ്വർണം മോഷ്ടിച്ചില്ലെങ്കിൽ അടച്ച പ്രീമിയം ആവിയാകും. അതിനുകൂടി സ്വർണം വാങ്ങിക്കൂടെ എന്ന് ചിന്തിക്കരുത്. സ്വർണം മോഷണം പോയാൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായി തെക്ക് വടക്ക് നടക്കാമെന്നേയുള്ളൂ എന്ന കാര്യം മറക്കരുത്.
ഗോൾഡ് ബ്ലെസ് യൂ പേഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇ-മെയ്ൽ jayakumarkk8@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |