തിരുവനന്തപുരം/കണ്ണൂർ: രാഷ്ട്രീയ കേരളം ഞെട്ടിയ അരുംകൊല. 2012 മേയ് നാലിന് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ 52 തവണ വെട്ടിനുറുക്കി. സി.പി.എം നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പ്രതികൾ. അവരിൽ പലർക്കും ആയിരം ദിവസത്തിലധികം പരോൾ കിട്ടിയെന്നത് ഞെട്ടിക്കുന്ന പുതിയ വിവരം.
ഒന്നാം പിണറായി സർക്കാരിന്റെ കാലംതൊട്ട് ഇങ്ങോട്ടാണ് ഇത്രയും ദിവസത്തെ പരോൾ. തിരുവഞ്ചൂർ രാധാകൃഷ്ണന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയാണിത്. കൊവിഡ് ഇളവ് ഉൾപ്പടെ അംഗീകൃത പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വാദം.
പ്രതികളായ കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജ്, സജിത്ത് എന്നിവർ ആയിരത്തിലധികം ദിവസം ജയിലിന് പുറത്തായിരുന്നു. ആറുപേർക്ക് 500ൽ അധികം ദിവസം പരോൾ. ടി.കെ.രജീഷ് ,ഷിനോജ് ,എം.സി.അനൂപ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ് എന്നിവരാണിവർ. അതേസമയം മുഖ്യപ്രതി കൊടി സുനിക്ക് 60ദിവസത്തെ പരോളാണ് നൽകിയത്.
ഓർഡിനറി, എമർജൻസി ലീവ്, കൊവിഡ് സ്‌പെഷ്യൽ ലീവ് എന്നിങ്ങനെയാണ് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. കൃത്യമായ ഇടവേളകളിൽ അടിയന്തര അവധിയും ചികിത്സാ ഇളവും. വിചാരണ കാലയളവിൽ ജാമ്യം.
പ്രതികൾ, പരോൾ, ജാമ്യം
കെ.സി. രാമചന്ദ്രൻ 1081, 227
അണ്ണൻ സജിത്ത് 1078, 227
ടൗസർ മനോജ് 1068,227
ടി.കെ. രജീഷ് 940, 227
ഷിനോജ് 925, 227
കിർമാണി മനോജ് 851
മുഹമ്മദ് ഷാഫി 656,227
റഫീഖ്, 782
എം.സി അനൂപ് 900
കൊടി സുനി 60
കുഞ്ഞനന്തൻ സാധാരണ അവധി 327
(ജാമ്യത്തിലിരിക്കെ 2020 ജൂൺ 11ന് മരിച്ചു)
കോടതിയെ സമീപിക്കും. പ്രതികൾ എത്രദിവസം ജയിലിൽ കിടന്നെന്ന കണക്കെടുക്കുന്നതാണ് എളുപ്പം
കെ.കെ.രമ എം.എൽ.എ
(ടി.പിയുടെ ഭാര്യ)
പരോളിലിറങ്ങി കല്യാണം,
പാലുകാച്ച്
പരോൾ ദിനങ്ങൾ വിവാഹം, ഗൃഹപ്രവേശം. സുഖചികിത്സ എന്നിങ്ങനെ ആഘോഷമാക്കി പ്രതികൾ. സിജിത്ത്, ഷാഫി, കിർമാണി മനോജ് എന്നിവർ വിവാഹിതരായത് ശിക്ഷാകാലയളവിൽ. ഷാഫിയുടെ ഗൃഹപ്രവേശം അടുത്തിടെയായിരുന്നു. പരോളിനിടെ മനോജ് ലഹരിപാർട്ടി നടത്തി പിടിയിലായി. പുറത്തിറങ്ങി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടും വീണ്ടും പരോൾ. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പലവട്ടം പ്രതികൾ സുഖചികിത്സ. ഇതിനിടെ ചിലർ നാട്ടിൽ പോയി.
ജയിലിൽ ഇഷ്ട ബ്ലോക്കും ആഹാരവും മൊബൈൽ ഫോണും. 10 പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരുമിച്ചും പരോൾ. കൊടി സുനി ജയിലിൽ കിടന്നുകൊണ്ട് സ്വർണം പൊട്ടിക്കലടക്കം ക്വട്ടേഷൻ ഇടപാടുകൾ നടത്തി. വിയ്യൂരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് തവനൂരിലേക്കു മാറ്റിയത്. കഴിഞ്ഞ മാസം അമ്മയുടെ അപേക്ഷയിൽ സുനിക്ക് ഒരു മാസം പരോൾ ലഭിച്ചിരുന്നു. പൊലീസിന്റെ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡി.ജി.പി പരോൾ അനുവദിച്ചെന്നാരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |