വാഷിംഗ്ടൺ: ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള സംയുക്ത വാർത്താസമ്മേളനത്തിനിടയിലാണ് മോദി പുതിയ സമവാക്യം അവതരിപ്പിച്ചത്. മാഗ+മിഗ=മെഗാ എന്നായിരുന്നു സമവാക്യം. ഡൊണാൾഡ് ട്രംപിന്റെ 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' (മാഗ), ഇന്ത്യയുടെ 'മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ'(മിഗ) എന്നിവ ചേർന്നാൽ മെഗാ പങ്കാളിത്തമാകുമെന്നാണ് മോദി പറഞ്ഞത്. 2030 ആകുമ്പോഴേയ്ക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
അതേസമയം, ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ബിസിനസിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസിൽ വച്ചായിരുന്നു മോദിയും ട്രംപുമായുളള കൂടിക്കാഴ്ച്ച നടന്നത്. സംയുക്ത വാർത്താ സമ്മേളനത്തിൽ പരസ്പരം വാനോളം പുകഴ്ത്തിയാണ് ഇരുവരും സംസാരിച്ചത്.
ട്രംപും മോദിയുമായുളള കൂടിക്കാഴ്ചയിൽ വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണുണ്ടായത്. മുംബയ് ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് ഉടൻ തന്നെ കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്, അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായിട്ടുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ചർച്ചയിലും നികുതി തീരുമാനങ്ങളിലും ട്രംപ് ഇളവിന് തയാറായിട്ടില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വ്യാപാര കാര്യത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണ് സഖ്യ രാജ്യങ്ങളെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
വികസനം, ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളിൽ സംയുക്തമായി ഇന്ത്യയും യുഎസും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |