തിരുവനന്തപുരം: കോട്ടയം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിംഗ് നേരിട്ട സംഭവത്തിൽ കടുത്ത തീരുമാനവുമായി നഴ്സിംഗ് കൗൺസിൽ. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെയും തുടർപഠനം തടയാനാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗൺസിലിൽ ഉയർന്ന ഭൂരിപക്ഷ അഭിപ്രായം.
അതേസമയം, കോളേജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുനേരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോഴും ഹൗസ് കീപ്പർ കം സെക്യൂരിറ്റി ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വിദ്യാർത്ഥികളിൽ ഒരാൾ സെക്യൂരിറ്റിയെ വിവരം അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് വിവരമുണ്ട്. സംഭവത്തിൽ ഹൗസ് കീപ്പർ കം സെക്യൂരിറ്റി റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും കുട്ടികൾ നിലവിളിക്കുന്നത് കേട്ടില്ലെന്നുമാണ് മൊഴി നൽകിയത്.
റാഗിംഗ് നടന്ന മുറിയിൽ നിന്നും പൊലീസ് കത്തിയും കോമ്പസും ഡമ്പലുകളും കരിങ്കൽ കഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കുടുതൽ അന്വേഷണം നടത്തിവരികയാണ്. റാഗിംഗിനെതിരെ നാല് വിദ്യാർത്ഥികൾ കൂടി കോളേജിന്റെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 10ന് രാത്രി 11ന് ശേഷമായിരുന്നു പ്രതികൾ ക്രൂരമായ റാഗിംഗ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |