തിരുവനന്തപുരം: ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതിൽ മനംനൊന്ത് കട്ടപ്പന സ്വദേശി കെ.എൻ.ശിവനാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടറാമിന് പരാതി നൽകിയിരുന്നു. എന്നാൽ ശ്രീറാം നടപടിയെടുത്തില്ലെന്ന് ശിവന്റെ സഹോദര പുത്രൻ കെ.ബി പ്രദീപ് ആരോപിച്ചു. 2017 ഏപ്രിലിൽ ആണ് സംഭവം.
തുടർ നടപടികൾക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസിൽ വിവരാവകാശം നൽകി. പരാതിക്കാരനോടു ഹാജരാകാൻ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നൽകിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടർന്നു ലഭിച്ചത്. എന്നാൽ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു. ശിവൻ പരാതി നൽകുന്നതിനു മുൻപുള്ള തീയ്യതിയിൽ പോലും നോട്ടീസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയിൽ കാണുന്നത്. നടപടികൾ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതിൽ മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |