പ്രയാഗ്രാജ്: കുംഭമേളയ്ക്കെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് പത്തു മരണം. പ്രയാഗ്‌രാജ്- മിർസാപൂർ ഹൈവേയിൽ മെജ പ്രദേശത്ത് ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. 19 പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിൽ നിന്ന് വന്നവർ സഞ്ചരിച്ച ബൊലേറോ കാറാണ് അപകടത്തിൽപ്പെട്ടത്. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ നിന്ന് വരികയായിരുന്ന ബസിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ മൃതദേഹങ്ങൾ സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഈയാഴ്‌ച ആദ്യം കുംഭമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് ആന്ധ്രാ സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |