തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാലിടത്ത് പരിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുകുടൽ ഉൾപ്പെടെയുള്ള അവയവങ്ങൾ അഴുകിയ നിലയിലായിരുന്നു. വലതുചെവിയുടെ പിൻഭാഗത്തായി തലയോട്ടിയിലും മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് ചതവുകൾ. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും വ്യക്തമാക്കുന്നു.
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ല. മുറിവുകളും ചതവുകളും മരണകാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ല. ഹൃദ്രോഹിയായിരുന്നു അദ്ദേഹം. ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭസ്മം ഉൾപ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കൾ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം അസി. പ്രൊഫസർമാരായ ഡോ. ആർ.ശാലിനിയും ടി.എം.മനോജുമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.ജനുവരി 16നാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഭസ്മവും കർപ്പൂരവുമിട്ട് മൂടിയ നിലയിലായിരുന്ന മൃതദേഹം സമാധി മണ്ഡപത്തിൽനിന്ന് പുറത്തെടുക്കുമ്പോൾ അഴുകിത്തുടങ്ങിയിരുന്നു. മുഖം വികൃതമായിത്തുടങ്ങി. കാവി വസ്ത്രം ധരിപ്പിച്ച് കഴുത്തിൽ ഉണങ്ങിത്തുടങ്ങിയ മുല്ലമാലയും രുദ്രാക്ഷവും ഉണ്ടായിരുന്നു. വലതുകൈയിൽ ആറുതവണ ചുറ്റിയ കറുപ്പ് ചരടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |