കോട്ടയം: വേനൽ ശക്തമായതോടെ ടാപ്പിംഗ് ഗണ്യമായി കുറഞ്ഞെങ്കിലും റബർ വില ഇടിയുകയാണ്. 184 വരെ ഉയർന്ന ആർ.എസ്.എസ് നാലിന്റെ വ്യാപാരി വില 182 രൂപയിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ ബാങ്കോക്ക് വില 206 രൂപയിലേക്ക് ഉയർന്നു. കരുതൽ ശേഖരമുള്ളതിനാൽ ടയർ കമ്പനികൾ ചരക്കെടുക്കാതെ വിപണിയിൽ നിന്ന് മാറി നിന്നതാണ് ആഭ്യന്തര വില ഇടിച്ചത്. വില കുറഞ്ഞപ്പോൾ കൊടുത്ത കരാറുകൾ അനുസരിച്ച് വിദേശ റബർ എത്തുന്നതും വിനയായി. നികുതി കുറവുള്ള ക്രംബ് റബർ വരവ് കൂടിയതും കണക്കാക്കിയാൽ വില ഉടനെയൊന്നും കൂടാനിടയില്ല.
ചൈനീസ് ഉത്പ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനവും തിരിച്ചടി സൃഷ്‌ടിച്ചേക്കാം. രാജ്യാന്തര മാന്ദ്യം ഇന്ത്യൻ റബർ വിപണിയെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.
ഉത്പാദനത്തിലെ ഇടിവ് കുരുമുളകിന് ഗുണമായില്ല
ഉത്പാദനം കുറഞ്ഞതോടെ ലഭ്യത കുറഞ്ഞിട്ടും കുരുമുളക് വില താഴേക്ക് നീങ്ങുകയാണ്. ഇറക്കുമതി വ്യാപകമായതോടെ അന്തർ സംസ്ഥാന വ്യാപാരികൾ ചരക്ക് വാങ്ങുന്നതാണ് വില സമ്മർദ്ദം രൂക്ഷമാക്കുന്നത്.
ഇന്ത്യൻ വിപണിയിൽ 13,0000 ടൺ കുരുമുളക് ആവശ്യമുണ്ടെന്നാണ് കേന്ദ്ര കാർഷിക വകുപ്പിന്റെ വിലയിരുത്തൽ. ഉത്പാദനം കുറവായതിനാൽ കൂടുതൽ ഇറക്കുമതി വേണമെന്നും അവർ പറയുന്നു. രൂപയുടെ മൂല്യയിടിവ് ഇന്ത്യൻ മുളകിന്റെ മത്സരക്ഷമത വർദ്ധിപ്പിച്ചു. ഇതോടെ ഇന്ത്യയുടെ കയറ്റുമതി വില ഒരു ടണ്ണിന് 8000 ഡോളറിൽ നിന്ന് 7850 ഡോളറിലെത്തി. വിയറ്റ്നാം വില 7125ൽ നിന്ന് 7475 ഡോളറായി ഉയർന്നു. ഇന്തോനേഷ്യ 7700 ഡോളർ, ശ്രീലങ്ക 7500 ഡോളർ, ബ്രസീൽ7300 ഡോളർ എന്നിങ്ങനെയാണ് കയറ്റുമതി വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |