
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്‌ടൻ ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫീൽഡിംഗ് ചെയ്യുന്നതിനിടെ അയ്യരുടെ വാരിയെല്ലിന് പരിക്കേൽക്കുകയായിരുന്നു.
ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. അയ്യർ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ അറിയിച്ചു. ബോർഡിന്റെ മെഡിക്കൽ സംഘം സിഡ്‌നിയിലെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിരന്തരമായി വിവരങ്ങൾ തിരക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യൻ സംഘത്തിലെ ഡോക്‌ടർ അയ്യരോടൊപ്പം നിൽക്കുന്നുണ്ടെന്നും ബോർഡ് പറഞ്ഞു. അതേസമയം, സിഡ്‌നിയിലെത്തി മകനെ കാണുന്നതിനായി അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് അയ്യറുടെ മാതാപിതാക്കൾ.
കഴിഞ്ഞ രണ്ട് ദിവസമായി അയ്യർ ഐസിയുവിലാണ്. പരിക്കിനെത്തുടർന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തി. അണുബാധ തടയേണ്ടതുള്ളതിനാൽ ഏഴുദിവസം വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് വിവരം. ഏകദേശം മൂന്നാഴ്‌ചയോളം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അതിലും കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.
കളിക്കിടെ ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീഴുകയായിരുന്നു. അദ്ദേഹം വേദനമൂലം നിലത്ത് കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമിൽ അയ്യർ അംഗമല്ല. നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |