
ആഘോഷ പരിപാടികൾ 4 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം നവംബർ നാലിന് വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ് മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സരവിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ ഉയർന്ന ഉദ്യോഗസ്ഥർ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി, സി.ഇ.ഒ. ഡോ.കെ.എം.എബ്രഹാം, എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.പുരുഷോത്തമൻ എന്നിവരും സന്നിഹിതരാകും. 1999 നവംബർ 11ന് നിലവിൽ വന്ന കിഫ്ബി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016 മുതലാണ് പശ്ചാത്തല വികസന മേഖലയിൽ സജീവമായത്.
വിപ്ളവം സൃഷ്‌ടിച്ച കിഫ്ബി
അംഗീകരിച്ച 1190 പദ്ധതികളിലെ നിക്ഷേപം: 90,562കോടി രൂപ
പദ്ധതികളിൽ ചെലവഴിച്ച തുക: 37,388കോടി രൂപ
പൂർത്തിയാക്കിയ പദ്ധതികളുടെ മൂല്യം : .21,881കോടി രൂപ
പുരോഗമിക്കുന്ന പദ്ധതികളുടെ മൂല്യം: 27,273കോടി രൂപ
നാഷണൽ ഹൈവേ യാഥാർത്ഥ്യമാക്കിയത്
സംസ്ഥാനത്ത് ആറുവരി നാഷണൽ ഹൈവേ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി 5,581 കോടി രൂപ കൈമാറിയത് കിഫ്ബിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |