വർഷം 2001 ജനുവരി മാസം 26ാം തീയതി. വെളുപ്പിന് 5 മണിക്ക് മുംബയിലെ ഒരു തെരുവിൽ ആയിരങ്ങൾ തിങ്ങിക്കൂടിയിരിക്കുകയാണ്. വലിയൊരു കെട്ടിടത്തിന് മുന്നിലാണ് ഇവരെല്ലാം കാത്തുനിൽക്കുന്നത്. പൊലീസ് തീർത്ത ബാരിക്കേഡുകളെ മറിച്ചിട്ട് ജനക്കൂട്ടം കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞുകയറി. ഇന്ത്യക്കാരുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായിരുന്ന ബിഗ് ബസാർ ആയിരുന്നു ആ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
'സബ്‌സേ സസ്‌തേ ദിൻ' എന്ന പേരിൽ ബിഗ് ബസാർ പ്രഖ്യാപിച്ച മെഗാ സെയിൽ പ്രയോജനപ്പെടുത്താൻ എത്തിയവരായിരുന്നു അന്ന് അവിടെ തിങ്ങിക്കൂടിയ ജനസഞ്ചയം. കിഷോർ ബിയാനി എന്ന വ്യവസായി പടുത്തുയർത്തിയ ബിഗ് ബസാറിന്റെ മുംബയിലെ ആ ഷോപ്പിംഗ് സ്‌റ്റാളിൽ മാത്രം 30 കോടിയുടെ ബിസിനസ് ഒറ്റദിവസം കൊണ്ട് നടന്നു. പക്ഷേ അടുത്ത 20 വർഷത്തിനുള്ളിൽ ബിഗ് ബസാറിന് എന്തുസംഭവിച്ചു? ഓരോ ബിഗ് ബസാർ സ്‌റ്റോറും അടച്ചുപൂട്ടലിലേക്ക് എത്തിയത് എങ്ങനെ? ഉത്തരം ഒറ്റവാക്കിൽ പറയാൻ കഴിയുന്നതല്ല.
1981ൽ ആണ് കഥ ആരംഭിക്കുന്നത്. അന്ന് കിഷോർ ബിയാനി അവസാനവർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബ വ്യവസായത്തിലേക്ക് കിഷോറിനെ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പിതാവ് തീരുമാനിച്ചു. പക്ഷേ അതിൽ മാത്രം ഒതുങ്ങേണ്ടതല്ല തന്റെ കരിയർ എന്ന് കിഷോറിന് പൂർണബോദ്ധ്യമുണ്ടായിരുന്നു. ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുകയായിരുന്നു ആ ചെയറുപ്പക്കാരൻ.
കോളേജ് കാലഘട്ടത്തിൽ തന്നെ സ്‌റ്റോൺ വാഷ് ഫാബ്രിക്കിന്റെ ബിസിനസ് ആരംഭിച്ച് ലാഭം കൊയ്‌തിരുന്നു. 1985ൽ പട്‌ലൂൺ എന്ന പേരിൽ ഒരു ഫാഷൻ വസ്ത്രാലയത്തിന് കിഷോർ ബിയാനി ആരംഭം കുറിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം 1986ൽ എഴ് ലക്ഷം ചെലവഴിച്ച് പുരുഷന്മാർക്ക് മാത്രമായുള്ള വസ്ത്രനിർമ്മാണ കമ്പനിയും തുടങ്ങി. പാന്റലൂൺ എന്നായിരുന്നു ആ ബ്രാൻഡിന് കിഷോർ നൽകിയ പേര്. പാന്റ്‌സിന് അതുവരെ കാണാത്ത രീതിയിലുള്ള ഫാഷൻ ഇലമെന്റ് കിഷോർ പാന്റലൂണിലൂടെ കൊണ്ടുവന്നു. 1994 ആയപ്പോഴേക്കും പാന്റലൂണിന് ഇന്ത്യയിൽ 74 ബ്രാഞ്ചുകളായി.
അക്കാലത്താണ് ഇന്ത്യയിൽ റീടെയിൽ ബിസിനസിന്റെ സാദ്ധ്യത കിഷോർ ബിയാനി മനസിലാക്കിയത്. അങ്ങനെ കൊൽക്കത്തയിൽ തന്റെ ആദ്യത്തെ റീടെയിൽ ഷോറൂം കിഷോർ ആരംഭിച്ചു. പതിനായിരം ചതുരശ്ര അടിയിലായിരുന്നു ഷോറും നിർമ്മിച്ചത്. വൻ വിജയമാതോടെ 1999ൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 13 മെഗാ സ്‌റ്റോറുകൾ കൂടി കിഷോർ സ്ഥാപിച്ചു. ഇന്ത്യയുടെ ഫാഷൻ റീടെയിൽ ടൈക്കൂൺ ആയി കിഷോർ മാറി.
അവിടെയും നിൽക്കുന്നതായിരുന്നില്ല കിഷോറിന്റെ ദീർഘവീക്ഷണം. ചെന്നൈയിലെ ശരവണ സ്‌റ്റോഴ്‌സിനെ കുറിച്ച് കിഷോർ വിശദമായി പഠനം നടത്തി. അക്കാലത്ത് തുണിത്തരങ്ങൾ തുടങ്ങി ആഭരണങ്ങൾ വരെ ശരവണ സ്‌റ്റോഴ്‌സിൽ ലഭ്യമായിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരു ഹൈപ്പർ മാർക്കറ്റ് എന്ന ആശയം നടപ്പിലാക്കാൻ കിഷോർ തീരുമാനിച്ചു. അതിന് അദ്ദേഹം ഒരു പേര് നൽകി; ബിഗ് ബസാർ.
2001ൽ കൊൽക്കത്ത, ബംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലായി ബിഗ് ബസാറിന്റെ മൂന്ന് ഷോപ്പിംഗ് മാളുകൾ പ്രവർത്തനമാരംഭിച്ചു. വൻ വിജയമായതോടെ 100 ബിഗ് ബസാറുകൾ വിവിധയിടങ്ങളിലായി ഉയർന്നു. എപ്പോഴും വലിയ ലക്ഷ്യങ്ങളിലേക്ക് പറക്കുന്ന കിഷോർ ബിയാനി 2004ൽ 1,20,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബംഗളൂരു നഗരത്തിൽ ഒരു കൂറ്റൻ ഷോപ്പിംഗ് മാൾ പണികഴിപ്പിച്ചു. അതിന് സെൻട്രൽ മാൾ എന്ന പേരും നൽകി. ഷോപ്പിംഗിനെ വിനോദമാക്കി മാറ്റിയെടുക്കാൻ നഗരവാസികളെ പ്രേരിപ്പിക്കുന്നതായിരുന്നു ആ കോൺസപ്‌ട്.
2006ൽ തന്റെ വിവിധ വ്യാപാര ശൃംഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ഫ്യൂച്ചർ ഗ്രൂപ്പ് എന്ന പേരിൽ കിഷോർ കമ്പനി ആരംഭിച്ചു. റീടെയിൽ ബിസിനസിൽ മുടിചൂടാ മന്നനായി നിൽക്കുമ്പോഴാണ് കിഷോറിന്റെ കഷ്‌ടകാലം ആരംഭിക്കുന്നത്. ആവശ്യമില്ലാത്ത മേഖലകളിലേക്ക് പണം വിനിയോഗിക്കാൻ തുടങ്ങിയത് പതനത്തിലേക്ക് നയിച്ചു. ബിസിനസ് വികസിപ്പിക്കുന്നതിന് ആയിരം കോടിക്ക് മുകളിൽ കടമെടുത്തു. കിഷോറിന്റെ എല്ലാ പ്രതീക്ഷകളെയും കടപുഴക്കി കൊണ്ട് 2008ൽ ആഗോള സാമ്പത്തിക മാന്ദ്യവും വന്നുഭവിച്ചു. ബിഗ് ബസാർ അടക്കമുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസ് തകർന്നടിഞ്ഞു. പ്രതിരോധിക്കാൻ കൂടുതൽ വായ്‌പകൾ കിഷോർ ബിയാനിക്ക് എടുക്കേണ്ടതായി വന്നു.
2012 ആയപ്പോഴേക്കും 12000 കോടിയുടെ കടത്തിൽ ബിയാനി മുങ്ങി. പലിശ അടക്കാൻ കഴിയാതെ വന്നതോടെ 1600 കോടി രൂപയ‌്ക്ക് പാന്റലൂൺസ് എന്ന തന്റെ വ്യവസായ ശൃംഖല കിഷോറിന് വിൽക്കേണ്ടതുണ്ടായി. ആമസോൺ, ഫ്ളിപ്പ്കാർട്ട് എന്നീ ഓൺലൈൻ വിപണന ഭീമന്മാരുടെ കടന്നുവരവ് കൂടി ആയപ്പോൾ കിഷോർ ബിയാനിയുടെ പതനം ഉറയ‌്ക്കുകയായിരുന്നു. 2019ൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടം 12800 കോടിയായി. കൊവിഡ് സൃഷ്‌ടിച്ച പ്രതിബന്ധങ്ങൾ തിരിച്ചുവരാൻ കഴിയാത്ത തരത്തിൽ ബിഗ് ബസാറിനെ തളർത്തി. ഇന്ന് ബിഗ് ബസാറിന്റെ എണ്ണൂറോളം ഔട്ട്‌ലെറ്റുകൾ നടത്തുന്നത് റിലയൻസ് ഗ്രൂപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |