പ്രാണികളെ ഭക്ഷിക്കുന്നവരെന്ന് പറഞ്ഞ് നമ്മൾ പല വിദേശികളെയും കളിയാക്കാറുണ്ടല്ലേ. എന്നാൽ നമ്മുടെ ഭക്ഷണക്രമത്തിൽ ചില പ്രാണികളെ ഉൾപ്പെടുത്തുന്നതിലൂടെ ഗുണങ്ങൾ ഏറെയുണ്ടെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല. പ്രാണികളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിലെത്താൻ സഹായിക്കുമെന്നാണ് ജേണൽ ഒഫ് അഗ്രികൾച്ചർ ആന്റ് ഫുഡ് കെമിസ്‌ട്രി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
പ്രാണികളിൽ പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രാണികൾ ഇരുമ്പിന്റെ വലിയ ഉറവിടമാണെന്നാണ് ദി അമേരിക്കൻ കെമിക്കൽ സൊസൈറ്റി (എസിഎസ്) വ്യക്തമാക്കുന്നത്. റെഡ് മീറ്റിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ ഇരുമ്പിന്റെ അംശം പ്രാണികളിലുണ്ട്. പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ സൗന്ദര്യ രഹസ്യം ടറാന്റുല എന്നയിനം ചിലന്തിയാണെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചീവീട്, പുൽച്ചാടി എന്നിവയാണ് കഴിക്കാൻ പറ്റിയ ചെറുപ്രാണികളിൽ പ്രധാനികൾ. ഇവയിൽ ഇരുമ്പ്, കാൽസ്യം, കോപ്പർ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണപ്പുഴുക്കളിലും (മിൽ വേം) സമാനമായ രീതിയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സാലഡിനൊപ്പം ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ആഹാരം പാകം ചെയ്യാനുപയോഗിക്കുന്ന മാവിൽ കലർത്തി പാകം ചെയ്തും പ്രാണികളെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചെമ്മീൻ, ചിക്കൻ എന്നിവയുടെ രുചിയാണ് പല പ്രാണികൾക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതിനാൽ തന്നെ മാംസാഹാര പ്രിയർക്ക് ഇടയ്ക്ക് പ്രാണി വിഭവങ്ങളും പരീക്ഷിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |