വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് ലൈംഗികഅധിക്ഷേപ പരാതി നൽകിയതും അതിനെതിരെ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ രംഗത്തെത്തിയതും അടുത്തിടെ ചർച്ചയായതാണ്. താൻ നൽകിയ പരാതി ചിലർ മനോഹരമായി വളച്ചൊടിച്ചെന്നാണ് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. തന്റേത് ലൈംഗികഅധിക്ഷേപ പരാതിയാണെന്നും ചിലർ വസ്ത്രധാരണത്തിന്റെ പേരിൽ പരാതി വളച്ചൊടിച്ചതാണെന്നുമാണ് ഹണി പറഞ്ഞിരിക്കുന്നത്. നടിയുടെ ഈ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. കേരളത്തിലുളളവർ തന്റെ അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നതെന്നാണ് രാഹുൽ പറയുന്നത്.
'ഞാൻ മനോഹരമായി സംസാരിച്ച് ഹണി റോസിന്റെ പരാതി സമൂഹത്തിന് മുന്നിൽ വളച്ചൊടിച്ചെന്നാണ് പറയുന്നത്. ഹണി റോസിനും സമൂഹത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. ഞാൻ മനോഹരമായി സംസാരിക്കുന്നുവെന്ന് അവർ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഹണി റോസിന്റെ വസ്ത്രധാരണത്തെ ഞാൻ ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്നതിനായി ഉപയോഗിച്ചെന്നാണ് പറയുന്നത്. നിങ്ങൾ ഇതിന്റെ സത്യാവസ്ഥ മനസിലാക്കണം. ഇത് രാഹുൽ ഈശ്വർ മനോഹരമായി സംസാരിക്കുന്നത് കൊണ്ടല്ല. ഞാനൊരു സാധാരണക്കാരനാണ്. ഞാൻ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.
അഭിമുഖത്തിന് ഹണി റോസിന് ലഭിച്ചിരിക്കുന്ന കമന്റുകളിൽ 99 ശതമാനവും വിമർശിച്ച് കൊണ്ടുളളതാണ്. ഹണി റോസ് പറഞ്ഞ ഒരു കാര്യത്തിനോട് ഞാൻ യോജിക്കുന്നുണ്ട്. അതുപോലെ യോജിക്കാത്ത കാര്യങ്ങളും ഉണ്ട്. ഒരു പെൺകുട്ടിയും സൈബർ ആക്രമണങ്ങൾക്ക് ഇരയാകരുത്. അതിന് 100 ശതമാനം പിന്തുണയുണ്ട്. പക്ഷെ ഹണി റോസ് മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ കൂടെ മുഖ്യമന്ത്രി പിണറായി വിജയനും വനിതാ കമ്മീഷനും യുവജനകമ്മീഷനും 99 ശതമാനം മാദ്ധ്യമങ്ങളും ഉണ്ട്. എന്നാൽ രാഹുൽ ഈശ്വർ അടക്കമുളള കുറച്ചാളുകളുടെ അഭിപ്രായങ്ങളോടാണ് കേരളീയ സമൂഹത്തിലെ 90 ശതമാനം ആളുകളും പിന്തുണ നൽകുന്നത്.
ഇതിന് കാരണം ഹണി റോസ് ആലോചിച്ചിട്ടുണ്ടോ. മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളും ഹണി റോസ് വലിയ പോരാട്ടത്തിലാണെന്നാണ് പറയുന്നത്. എന്നിട്ടും ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നത് ഞങ്ങൾ പറയുന്നതിൽ സത്യവും മര്യാദയും ഉണ്ടെന്ന് മനസിലാക്കിയിട്ടാണ്. കണ്ണടച്ചാൽ ഇരുട്ടാവില്ല ഹണി റോസ്. നിങ്ങൾ ഇനിയും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരണം, ഉദ്ഘാടനങ്ങൾ ചെയ്യണം. പക്ഷെ മാന്യമായ ഒരു വസ്ത്രധാരണം ഉണ്ടെന്ന് തിരിച്ചറിയുക. അനാവശ്യമായി പുരുഷനെ വേട്ടയാടുന്നത് തെറ്റാണെന്ന് മനസിലാക്കുക.
ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശരിയല്ല. പക്ഷെ അതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലാക്കുകയും പരാതി കൊടുക്കുകയുമല്ല ചെയ്യേണ്ടത്. ഇതെല്ലാം വൃത്തികേടാണ്. നിങ്ങളെ വിമർശിച്ചതിന് എനിക്കെതിരെ പരാതി കൊടുക്കുകയല്ല ചെയ്യേണ്ടത്. കേരളീയ പൊതു സമൂഹം ഹണി റോസിനോട് അല്ലെന്നാണ്. ഹണി റോസിനെക്കാൾ പിന്തുണയുളളത് എനിക്കല്ലേ. മാന്യമായ വസ്ത്രധാരണമാണ് വേണ്ടത്. സുന്ദരി അല്ലെങ്കിൽ സുന്ദരൻ ആകുകയെന്നത് എല്ലാവരുടെയും അവകാശമാണ്.പക്ഷെ ചില ലക്ഷ്മണരേഖകൾ ഉണ്ട്. അത് വൃത്തികേടായി മാറരുത്. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ ഓവർ പ്രൊജക്ട് ചെയ്യുന്നതല്ല സൗന്ദര്യം എന്ന് തിരിച്ചറിയുക. നന്നായി വരട്ടെ. എനിക്കെതിരെയുളള പരാമർശങ്ങൾക്കുളള മറുപടിയാണിത്'-രാഹുൽ ഈശ്വർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |