തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തി ലേഖനമെഴുതിയതിനെ തുടർന്നുള്ള വിവാദം കത്തിനിൽക്കെ ശശി തരൂർ എം.പിയുടെ പുതിയ പോസ്റ്റും ചർച്ചയാകുന്നു. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിനും ശരത്‌ലാലിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് വീണ്ടും വിവാദമായത്.
സി.പി.എം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ എന്ന കെ.പി.സി.സിയുടെ പോസ്റ്ററാണ് തരൂർ ആദ്യം പങ്കുവച്ചത്. ഇതിന് പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യുകയും സി.പി.എമ്മിന്റെ പേരുപോലും പരാമർശിക്കാതെയുള്ള പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. 'ശരത്‌ലാലിന്റെയും കൃപേഷിന്റെയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ് എന്ന് തരൂർ കുറിച്ചു. കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാർഷികത്തിലായിരുന്നു തരൂരിന്റെ പോസ്റ്റ്.
2019 ഫെബ്രുവരി 17നായിരുന്നു കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികൾക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
അതേസമയം സർക്കാരിനെ പുകഴ്ത്തിയ വിഷയത്തിൽ ശശി തരൂർ എം.പിയെ നേരിട്ട് വിളിച്ച് നല്ല ഉപദേശം നൽകിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ശശി തരൂർ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയെന്നും വ്യക്തികൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാർട്ടി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |