കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിയെ മറ്റൊരു സ്കൂളിലെ എട്ടാം ക്ളാസുകാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. പയ്യോളി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബാൾ പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് മർദ്ദനമേറ്റത്. പയ്യോളി ഹെെസ്കൂളിലെ നാല് വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. തന്നെ തല്ലരുതെന്ന് എട്ടാംക്ളാസുകാരൻ അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രണ്ട് സ്കൂളുകളിലെയും കുട്ടികൾ തമ്മിൽ നേരത്തേയുണ്ടായിരുന്ന തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് സൂചന. എട്ടാംക്ളാസുകാരനെ വഴിയിൽ തടഞ്ഞുനിറുത്തി പേരും സ്കൂളും ചോദിച്ചു. സി.കെ.ജി.എം സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് പറഞ്ഞപ്പോൾ അവിടെ നിന്നാരും ഇവിടെ ഫുട്ബാൾ പരിശീലനത്തിന് വരരുതെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് എട്ടാംക്ളാസുകാരന്റെ കുടുംബം ആരോപിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഇന്ന് ഹാജരാക്കുമെന്ന് പയ്യോളി എസ്.എച്ച്.ഒ എ.കെ.സജീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |