ന്യൂഡൽഹി : ശനിയാഴ്ച രാത്രിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്). റെയിൽവേ മന്ത്രാലയത്തിനാണ് റിപ്പോർട്ട് കൈമാറിയത്. ദുരന്തത്തിൽ റെയിൽവേയ്ക്ക് വീഴ്ച സംഭവിച്ചു.
18 അല്ല 20 പേരാണ് മരിച്ചത്. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രയാഗ്‌രാജിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ സംബന്ധിച്ച് റെയിൽവേ നടത്തിയ അനൗൺസ്‌മെന്റുകൾ യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതടക്കം ദുരന്തത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. അധികൃതർ നേരത്തെ പറഞ്ഞതുപോലെ രാത്രി പത്തോടെയല്ല, 8.48നാണ് ദുരന്തമുണ്ടായതെന്നും വ്യക്തമാക്കി.
അനൗൺസ്‌മെന്റിൽ പിഴവ്
1. പ്രയാഗ്‌രാജിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ നിറുത്താൻ 16ാം നമ്പർ പ്ലാറ്റ്ഫോമാണ് അനുവദിച്ചിരുന്നത്. എന്നാൽ, 12ാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുമെന്ന് റയിൽവേ അനൗൺസ്‌മെന്റുണ്ടായി. ഇതോടെ ഭക്തരുടെ സംഘം 12ലേക്ക് പോകാൻ തിക്കി തിരക്കി. ഇതിനിടെ, 16ൽ തന്നെ വരുമെന്ന് രണ്ടാമത് അനൗൺസ്‌മെന്റ്. ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. തിരക്ക് നിയന്ത്രണാതീതമായി.
2. കനത്ത തിരക്കിനിടയിലും പരിധിയില്ലാതെ ജനറൽ ടിക്കറ്രുകൾ വിറ്റു. ഇത് പ്ലാറ്റ്ഫോമുകളിലും മേൽപ്പാലത്തിലും തിക്കിനും തിരക്കിനും കാരണമായി.
3. 14,15 പ്ലാറ്റ്ഫോമുകളിൽ നിറുത്തിയിട്ടിരുന്ന മഗധ് എക്‌സ്‌പ്രസ്, സമ്പർക്ക ക്രാന്തി എക്‌സ്‌പ്രസ് എന്നിവയിൽ കയറാൻ എത്തിയവരും കൂടിയായതോടെ തിരക്ക് വർദ്ധിച്ചു.
4. സംഭവം നടന്നയുടൻ എൻട്രി ഗേറ്റ് അടച്ച് യാത്രക്കാരുടെ പ്രവേശനം തടഞ്ഞതുകൊണ്ട് മാത്രം പരിക്കേറ്റവരെയും മരിച്ചവരെയും മാറ്രാൻ സാധിച്ചു
5. സംഭവം നടന്ന മേൽപ്പാലത്തിലെ അടക്കം സി.സി ടിവികൾ പ്രവർത്തനരഹിതമായിരുന്നു. നിർണായക ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |